facebook

ഐഒഎ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജിന് ഒന്നാം സ്ഥാനം

2 Min Read

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് തോൽവി. സ്പോർട്സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിലാണ് പി.ടി. ഉഷ അഞ്ചാം സ്ഥാനത്തെത്തിയത്.

ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക.നാല് സ്ഥാനങ്ങളിലേക്കായി ആറ് മുൻ വനിതാ താരങ്ങളാണ് മത്സരിച്ചത്.

40 വോട്ടുകൾ നേടിയ പി.ടി. ഉഷ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ഇതോടെ അടുത്ത തവണ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പി.ടി. ഉഷയുടെ സാധ്യത അടഞ്ഞു.

അഞ്ജു ബോബി ജോർജിന് ഒന്നാം സ്ഥാനം

മലയാളിയായ മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. അഞ്ജു 53 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുമായി രണ്ടാം സ്ഥാനത്താണ്.

മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജിക്ക് 45 വോട്ടും ബാഡ്‌മിന്റൺ താരമായിരുന്ന സൈന നേവാളിന് 43 വോട്ടും ലഭിച്ചു. മുൻ അത്‌ലറ്റ് അനിത പോൾ ദുരൈ ആറ് വോട്ടുമായി അവസാന സ്ഥാനത്തെത്തി.

‘ന്യൂ ഭാരത് പാനൽ’ ആരോപണം

അതേസമയം, വോട്ടെടുപ്പിന് മുമ്പുതന്നെ പി.ടി. ഉഷയെ പരാജയപ്പെടുത്താൻ ഡോള ബാനർജിയുടെ നേതൃത്വത്തിൽ ചരടുവലികൾ നടന്നതായി ആരോപണം ഉയർന്നിരുന്നു.

‘ന്യൂ ഭാരത് പാനൽ’ എന്ന പേരിൽ ഒരു സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് അംഗങ്ങൾക്ക് അയച്ചുകൊടുത്തതായി പി.ടി. ഉഷ പക്ഷം ആരോപിച്ചിരുന്നു.

അഞ്ജു ബോബി ജോർജിനെയും സൈന നേവാളിനെയും ഉൾപ്പെടുത്തിയാണ് ഈ പാനൽ രൂപീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി. ഉഷ പരാതി നൽകുകയും ചെയ്തിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള വഴി അടഞ്ഞു

സ്പോർട്സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കാണ് ഐഒഎ അധ്യക്ഷ സ്ഥാനത്തേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം.

എന്നാൽ 40 വോട്ടുമായി അഞ്ചാം സ്ഥാനത്തെത്തിയതോടെ പി.ടി. ഉഷയ്ക്ക് അടുത്ത അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടമായി.

English Summary : Indian Olympic Association (IOA) president PT Usha suffered a defeat in the election for the Sports Person of Outstanding Merit category. Usha secured 40 votes and finished fifth, while former athlete Anju Bobby George topped the voting with 53 votes. Since only those elected to the category can contest the general body election for the IOA president’s post, Usha’s path to another term has been blocked.

Share This Article