facebook

അടിമാലി സെലീന വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 35,000 രൂപ പിഴയും

1 Min Read

ഇടുക്കി: അടിമാലി സെലീന വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. വണ്ടമറ്റം പടികുഴയിൽ ഗിരോഷ് (40) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്. 35,000 രൂപ പിഴയും പ്രതി അടയ്ക്കണം.

2017 ഒക്ടോബർ 10ന് ക്രൂരമായ കൊലപാതകം

2017 ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സെലീന (38)യോടുള്ള വിരോധത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്.

കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് ബൈക്കിൽ സ്ഥലത്തുനിന്ന് മടങ്ങിയ പ്രതി വീണ്ടും തിരിച്ചെത്തി സെലീനയുടെ ഇടതുമാറിടം മുറിച്ചെടുത്ത് ബാഗിലാക്കി വീട്ടിലേക്ക് പോയെന്നും കുറ്റപത്രത്തിൽ പറയുന്നു.

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു

അന്ന് അടിമാലി പോലീസ് ഇൻസ്പെക്ടറായിരുന്ന സാബു പി.കെ. ആണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ അന്തിമ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.

സബ് ഇൻസ്പെക്ടർമാരായ സന്തോഷ് സി.ആർ., ഷാജു എം.എം. എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിലോ, സലിം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി ഹാജരായത് ജില്ലാ പ്രോസിക്യൂട്ടർ

ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്.എസ്. ആണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവും 35,000 രൂപ പിഴയും വിധിക്കുകയായിരുന്നു.

English Summary: The T​​hodupuzha Principal District Court has sentenced Girosh (40), convicted in the 2017 Adimali Selena murder case, to life imprisonment and a fine of ₹35,000. The verdict was delivered by Principal District Judge Sanu S. Panicker.

Share This Article