ഓർക്കാപ്പുറത്ത് ലഭിച്ച ദീപാവലി സമ്മാനത്തിന്റെ സന്തോഷത്തിൽ കണ്ണുനിറഞ്ഞ ട്രക്ക് ഡ്രൈവർ സുരേഷ് മൗര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. 11 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമ നൽകിയ അപ്രതീക്ഷിത സമ്മാനമാണ് സുരേഷിനെ ഏറെ സന്തോഷിപ്പിച്ചത്.
സുരേഷ് മൗര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം പേർ കണ്ടു.സമ്മാനപ്പൊതി ആവേശത്തോടെയും കൗതുകത്തോടെയും തുറക്കുന്ന സുരേഷിനെയാണ് വീഡിയോയിൽ കാണുന്നത്.
പുതിയ ഷർട്ടും പാന്റും, മിൽട്ടൺ ടിഫിൻ ബോക്സ് സെറ്റ്, മിൽട്ടൺ തെർമോ ഫ്ലാസ്ക്, ഒരു കിലോ കജു കത്ലി, 1,000 രൂപ എന്നിവയായിരുന്നു സമ്മാനപ്പൊതിയിൽ.
‘ആദ്യമായാണ് ഇങ്ങനെയൊരു സമ്മാനം’
തന്റെ ജോലിക്കുള്ള അംഗീകാരമായി ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മാനം ലഭിക്കുന്നതെന്ന് സുരേഷ് പറയുന്നു. സമ്മാനം ലഭിച്ച സന്തോഷം വാക്കുകളിലൂടെയും കണ്ണീരിലൂടെയും അദ്ദേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ചെറിയ സമ്മാനപ്പൊതി സുരേഷിൽ സൃഷ്ടിച്ച സന്തോഷമാണ് സമൂഹമാധ്യമ ഉപയോക്താക്കളെയും ഏറെ ആകർഷിച്ചത്. അദ്ദേഹത്തിന്റെ ആത്മാർഥത തിരിച്ചറിഞ്ഞ് സന്തോഷിപ്പിച്ച തൊഴിലുടമയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.
സോഷ്യൽ മീഡിയയിൽ നിറയുന്നത് ഹൃദ്യമായ പ്രതികരണങ്ങൾ
‘ഇങ്ങനെ ഒരു സമ്മാനം ആദ്യമായിട്ടാണ് കിട്ടുന്നത്’ എന്ന് സുരേഷ് പറഞ്ഞപ്പോൾ തന്റെയും കണ്ണ് നിറഞ്ഞുവെന്ന് ഒരാൾ കമന്റ് ചെയ്തു. ‘ആ ലഞ്ച് ബോക്സ് എപ്പോഴും നല്ല ഭക്ഷണത്താൽ നിറഞ്ഞിരിക്കട്ടെ’ എന്ന ആശംസയും വീഡിയോയ്ക്ക് താഴെ ശ്രദ്ധനേടി.
സാധാരണ തൊഴിലാളികളുടെ അധ്വാനത്തിന് ലഭിക്കുന്ന ചെറിയ അംഗീകാരങ്ങൾ പോലും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നതാണ് വീഡിയോ. ഒരു ചെറിയ സമ്മാനം ഒരാളിൽ വലിയ സന്തോഷം സൃഷ്ടിക്കുമെന്നതിന്റെയും തെളിവായി മാറിയിരിക്കുകയാണ് സുരേഷ് മൗര്യയുടെ ദീപാവലി സമ്മാനത്തിന്റെ ദൃശ്യങ്ങൾ.
English Summary : A Diwali gift given by an employer to truck driver Suresh Maurya has gone viral on social media. Suresh, who has worked at the company for 11 years, received clothes, a Milton tiffin box set, a Milton thermos flask, one kilogram of kaju katli and ₹1,000.The video of Suresh opening the gift with excitement has received more than two million views. His emotional reaction and the employer’s gesture have drawn numerous heartfelt comments online.
