facebook

‘സ്പീക്കർ പറഞ്ഞാൽ അനുസരിക്കാൻ ബാധ്യസ്ഥൻ’; കോട്ടയം ആകാശപ്പാതയിൽ മന്ത്രിയുടെ ഉറപ്പ്

3 Min Read

കോട്ടയം : കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ നിർമാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കുമെന്ന് മന്ത്രി പി.കെ.ബഷീർ. ദേശീയപാത 183ൽ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ആലോചിച്ച് പദ്ധതിച്ചെലവും മറ്റ് കാര്യങ്ങളും തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ജംക്ഷനിൽ മേൽപ്പാലം വേണമെന്ന ആവശ്യവും ചടങ്ങിൽ ഉയർന്നു.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഞ്ഞിക്കുഴി ജംക്ഷനിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം മന്ത്രിക്കു മുന്നിൽ ഉന്നയിച്ചത്. 300 പാലങ്ങൾ നിർമിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ കോട്ടയത്തിന് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി സ്പീക്കർ പറഞ്ഞാൽ അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും സ്ഥലം പറഞ്ഞാൽ മതിയെന്നും മന്ത്രി പറഞ്ഞു.

കോടിമത രണ്ടാം പാലം തുറന്നു

പുഷ്പവൃഷ്ടിയും കരിമരുന്ന് പ്രകടനവും ഉൾപ്പെടെയുള്ള പരിപാടികളോടെയാണ് കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നടന്നത്. റോളർ സ്കേറ്റിങ്, കളരിപ്പയറ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.

മന്ത്രി പി.കെ.ബഷീറിന്റെയും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പ്രസംഗങ്ങൾ ചടങ്ങിൽ ശ്രദ്ധേയമായി.ചടങ്ങിനിടെ പലഹാരവിതരണത്തിനായി സംഘാടകർ എത്തിയപ്പോൾ, മന്ത്രി പ്രസംഗിച്ചശേഷം വിതരണം ചെയ്താൽ മതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

‘ആ പൊതി സന്തോഷത്തോടെ വണ്ടിയിലിരിക്കട്ടെ, മന്ത്രി പ്രസംഗിച്ചിട്ടാകാം വിതരണം’ എന്നായിരുന്നു സ്പീക്കറുടെ പരാമർശം. എന്നാൽ വിതരണം ചെയ്തോളൂ എന്ന് മന്ത്രി പറഞ്ഞതോടെ സദസ്സിൽ കയ്യടി ഉയർന്നു.

12 വർഷത്തെ കാത്തിരിപ്പിന് വിരാമം

കോടിമത പാലത്തിന്റെ ചരിത്രം പറയുമ്പോൾ 2013 മേയ് 3ന് ഭരണാനുമതി ലഭിച്ച പാലമാണിതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നിട്ടും 10–12 വർഷം കാത്തിരിക്കേണ്ടിവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇത്തിരി വിഷമിച്ചാലും കാര്യമെല്ലാം പോസിറ്റീവ് ആയല്ലോ. എല്ലാ കാര്യങ്ങളും നമ്മൾ ആഗ്രഹിച്ച രൂപത്തിലെത്തി. പാലത്തിൽ തിരുവാതിര കളിച്ചവരും ക്രിക്കറ്റ് കളിച്ചവരുമൊക്കെയുണ്ട്,” എന്നും തിരുവഞ്ചൂർ പറഞ്ഞു.

ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി, നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ്‌കുമാർ, ഉപാധ്യക്ഷ ഷീബ പുന്നൻ, പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ ഐ.റംല ബീവി, തഹസിൽദാർ സിറിൾ സഞ്ജു ജോർജ്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്.ഗോപൻ, കെ.കെ.പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

കലക്ടർ ചേതൻകുമാർ മീണയ്ക്ക് പിറന്നാൾ ആശംസ

കോടിമത രണ്ടാം പാലം ഉദ്ഘാടനച്ചടങ്ങിനിടെ കലക്ടർ ചേതൻകുമാർ മീണയുടെ പിറന്നാളാഘോഷവും നടന്നു.

കലക്ടറുടെ പ്രസംഗം അവസാനിക്കുന്ന സമയത്താണ് നഗരസഭാധ്യക്ഷൻ അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് സദസ്സിനെ അറിയിച്ചത്.

തുടർന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്കു ലഭിച്ച പൊന്നാട കലക്ടർക്ക് സമ്മാനിച്ചു. പൂച്ചെണ്ടും നൽകി. മന്ത്രി പി.കെ.ബഷീറും കലക്ടർക്ക് ആശംസ നേർന്നു.

English Summary : Minister P.K. Basheer said that the construction of the Kottayam city skywalk would be taken up and completed by the Public Works Department. He made the announcement during the inauguration of the Kodimatha Second Bridge on National Highway 183.Speaker Thiruvanchoor Radhakrishnan also sought a flyover at Kanjikuzhi Junction and requested priority for Kottayam under the state government’s project to construct 300 bridges. The inauguration ceremony also featured birthday celebrations for Kottayam Collector Chetan Kumar Meena.

Share This Article