ഭക്ഷണ കോമ്പിനേഷനുകൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം പറയുന്നു.ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം ഭക്ഷണങ്ങൾ എങ്ങനെ സംയോജിപ്പിക്കുന്നുവെന്നതും പ്രധാനമാണെന്നാണ് ആയുർവേദത്തിന്റെ നിലപാട്.
ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ആയുർവേദത്തിൽ പറയുന്നു.
‘വിരുദ്ധ’ എന്ന വാക്കിന് വിപരീതം എന്നാണ് അർഥം. വിപരീത ഗുണങ്ങളുള്ള ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത്, ഭക്ഷണങ്ങൾ തെറ്റായ രീതിയിൽ സംസ്കരിക്കുന്നത്, തെറ്റായ അനുപാതത്തിൽ ചേർക്കുന്നത്, തെറ്റായ സമയത്ത് കഴിക്കുന്നത് എന്നിവയെല്ലാം ആയുർവേദത്തിലെ വിരുദ്ധാഹാര സങ്കൽപ്പത്തിൽ ഉൾപ്പെടുന്നു.
എന്താണ് വിരുദ്ധാഹാരം?
3,000 വർഷത്തിലേറെയായി പിന്തുടരുന്ന പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമാണ് ആയുർവേദം. അഞ്ച് അടിസ്ഥാന ഘടകങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയും വാത, പിത്ത, കഫ എന്നീ ദോഷങ്ങളും ശരീരത്തിന്റെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആയുർവേദത്തിലെ വിശ്വാസം.
ആയുർവേദത്തിൽ ‘വിരുദ്ധാഹാരം’ എന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയെയും മെറ്റബോളിക് സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തുമെന്ന് കരുതുന്ന ഭക്ഷണ സംയോജനങ്ങളെയോ തയ്യാറാക്കൽ രീതികളെയോ സൂചിപ്പിക്കുന്നു.
ഓരോ ഭക്ഷണത്തിന്റെയും രസം, വീര്യം, വിപാകം തുടങ്ങിയ സവിശേഷതകളും ഭക്ഷണങ്ങൾ തമ്മിലുള്ള പൊരുത്തം വിലയിരുത്തുമ്പോൾ പരിഗണിക്കുന്നു.
ഭക്ഷണം തയ്യാറാക്കുന്ന രീതി, കഴിക്കുന്ന സമയം, വ്യക്തിയുടെ ശരീരഘടന എന്നിവയും ഈ ആശയത്തിൽ പ്രധാനമാണ്.
വിരുദ്ധാഹാരം ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്നാണ് ആയുർവേദത്തിന്റെ നിലപാട്.
ഒഴിവാക്കണമെന്ന് പറയുന്ന ഭക്ഷണ കോമ്പിനേഷനുകൾ
ആയുർവേദത്തിൽ മത്സ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നു. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് ആയുർവേദത്തിലെ വിശ്വാസം.
പഴങ്ങളും പാലുൽപ്പന്നങ്ങളും തമ്മിലുള്ള സംയോജനവും ഒഴിവാക്കേണ്ടതായി ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് വാഴപ്പഴം പാലിനൊപ്പം കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിൽ വിഷവസ്തുക്കൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
ചൂടുള്ള ഭക്ഷണങ്ങളുടെയോ പാനീയങ്ങളുടെയോ ഒപ്പം തേൻ ഉപയോഗിക്കരുതെന്നും നിർദേശിക്കുന്നു. തേൻ ചൂടാക്കുമ്പോൾ അതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുകയും അനാവശ്യ ഫലങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ആയുർവേദത്തിലെ വിശ്വാസം.
മാംസം, പ്രത്യേകിച്ച് ചുവന്ന മാംസം, പാലുൽപ്പന്നങ്ങളുമായി ചേർത്ത് കഴിക്കുന്നതും ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു.
വെള്ളരിയും തക്കാളിയും ഒരുമിച്ച് കഴിക്കുന്നതും ഉരുളക്കിഴങ്ങും വാഴപ്പഴവും ചേർത്ത് കഴിക്കുന്നതും ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകാമെന്നാണ് പറയുന്നത്.
പുളിയുള്ള ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കുന്നതും അനുയോജ്യമല്ലെന്നാണ് ആയുർവേദത്തിലെ നിലപാട്. പാലിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുകയും ദഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുമെന്നാണ് ഇതിന് പിന്നിലെ വിശദീകരണം.
ഭക്ഷണ സമയവും രീതിയും പ്രധാനമെന്ന് ആയുർവേദം
പൊരുത്തമില്ലാത്ത ഭക്ഷണ കോമ്പിനേഷനുകൾ ഒഴിവാക്കുന്നതിനൊപ്പം പുതുതായി പാകം ചെയ്ത ഭക്ഷണം കഴിക്കാനും ഫാസ്റ്റ് ഫുഡുകളും വീണ്ടും ചൂടാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കാനും ആയുർവേദം നിർദേശിക്കുന്നു.
രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്ന് പറയുന്നു.ഭക്ഷണത്തിന്റെ സമയത്തിനും പ്രാധാന്യമുണ്ട്.
രാവിലെ പഴങ്ങൾ പോലുള്ള ലഘുഭക്ഷണങ്ങളിൽ നിന്ന് ആരംഭിക്കുകയും ഉച്ചഭക്ഷണ സമയത്ത് താരതമ്യേന കനത്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് നിർദേശം.
സീസണിന് അനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റം വരുത്തണമെന്നും ആയുർവേദം പറയുന്നു.ഭക്ഷണ അലർജികളും അസഹിഷ്ണുതകളും തിരിച്ചറിയുന്നതും പ്രധാനമാണ്.
പാലുൽപ്പന്നങ്ങളോടുള്ള ലാക്ടോസ് അസഹിഷ്ണുത പോലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ലക്ഷണങ്ങൾ നിയന്ത്രിക്കാനും അനുയോജ്യമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താനും സഹായിക്കുമെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.
ആയുർവേദം ഭക്ഷണത്തെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രധാന ഘടകമായി കണക്കാക്കുന്നു.
ഭക്ഷണം, ഉറക്കം, ജീവിതശൈലിയിലെ മിതത്വം എന്നിവ ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായാണ് ആയുർവേദം കാണുന്നത്. വിരുദ്ധാഹാരത്തിന്റെ ആശയം ഇതിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്.
English Summary : Ayurveda emphasizes that the way foods are combined, prepared and consumed can influence digestion and overall well-being. It identifies certain combinations, including fish with dairy, fruits with milk, and honey with hot foods, as incompatible. Ayurveda also stresses the importance of meal timing, seasonal eating and freshly prepared food.
