ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെയ്സിന കുന്നിലെ ചരിത്രപ്രസിദ്ധമായ നോർത്ത്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങൾ ഇനി ലോകോത്തര മ്യൂസിയമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സാമ്പത്തികകാര്യ സമിതി 3,230 കോടി രൂപ ചെലവിൽ യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി.
ഇന്ത്യയുടെ നാഗരിക ചരിത്രം, സാംസ്കാരിക പാരമ്പര്യം, കല, വിജ്ഞാനസമ്പ്രദായങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം പ്രദർശന വിസ്തീർണമുള്ള സ്ഥാപനമായി ഇതിനെ വികസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
1.78 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മ്യൂസിയം
ഏകദേശം 1,78,509 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. നോർത്ത്, സൗത്ത് ബ്ലോക്കുകളുടെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രത്യേകതകൾ സംരക്ഷിച്ചുകൊണ്ടായിരിക്കും വികസനം.
നേരത്തെ കേന്ദ്രസർക്കാരിന്റെ പ്രധാന മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും ഉൾപ്പെടെയുള്ള ഭരണസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഈ കെട്ടിടങ്ങൾക്ക് പുതിയ സാംസ്കാരിക ദൗത്യമാണ് ലഭിക്കുന്നത്.
ചരിത്രകെട്ടിടങ്ങളുടെ പൈതൃകസ്വഭാവം നിലനിർത്തിക്കൊണ്ട് പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്ന സാംസ്കാരിക കേന്ദ്രമാക്കി മാറ്റും.
പ്രതിവർഷം ഒരു കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള രീതിയിലാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.
2027ൽ ആദ്യ ഗാലറി പൊതുജനങ്ങൾക്ക് തുറക്കും
പദ്ധതി 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായി നടപ്പാക്കും. നോർത്ത് ബ്ലോക്കിൽ ‘അലങ്കാരങ്ങൾ’ (Adornment) എന്ന പ്രമേയത്തിലുള്ള ആദ്യ ഗാലറി 2027ന്റെ രണ്ടാം പകുതിയിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ ഗാലറികളും പ്രദർശന സൗകര്യങ്ങളും ഒരുക്കും. മ്യൂസിയം വികസനത്തിനായി ഫ്രാൻസിന്റെ സാങ്കേതിക സഹകരണവും ലഭിക്കുന്നുണ്ട്.
18 ലക്ഷം ചരിത്രവസ്തുക്കൾ പ്രദർശനത്തിനായി പരിഗണനയിൽ
നാഷണൽ മ്യൂസിയം, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് മ്യൂസിയങ്ങൾ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 52 മ്യൂസിയങ്ങൾ, വിവിധ സംസ്ഥാന മ്യൂസിയങ്ങൾ, സ്വകാര്യ ശേഖരങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 18 ലക്ഷം വസ്തുക്കൾ മ്യൂസിയത്തിനായി കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽനിന്ന് അനുയോജ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിനുള്ള ശേഖര-ഉള്ളടക്ക പഠനം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ നാഗരിക വളർച്ചയും വൈവിധ്യവും വിവിധ കാലഘട്ടങ്ങളിലെ കലയും ജീവിതരീതികളും ഇതിലൂടെ അവതരിപ്പിക്കും.
ഗണിതം മുതൽ ആത്മീയത വരെ; വ്യത്യസ്ത പ്രമേയങ്ങളിൽ ഗാലറികൾ
ഇന്ത്യയുടെ പൈതൃകവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പ്രത്യേക ഗാലറികളിലൂടെ അവതരിപ്പിക്കും. വാസ്തുവിദ്യയും നഗരവികസനവും, ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും, ഭാഷകളും ലിപികളും, വിശ്വാസവും ആത്മീയതയും, വ്യാപാരവും ആശയവിനിമയവും തുടങ്ങിയവയാണ് പ്രധാന പ്രമേയങ്ങൾ.
ആധുനിക സാങ്കേതികവിദ്യയും ദൃശ്യാനുഭവ സംവിധാനങ്ങളും ഉപയോഗിച്ച് സന്ദർശകർക്ക് ഇന്ത്യയുടെ നാഗരിക ചരിത്രം അടുത്തറിയാനുള്ള അവസരവും ഒരുക്കും.
2023ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി
2023 മേയ് 18നാണ് യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പഴയ ഭരണകേന്ദ്രങ്ങളായിരുന്ന നോർത്ത്, സൗത്ത് ബ്ലോക്കുകളെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം അവതരിപ്പിക്കുന്ന ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
English Summary:
The Union Cabinet has approved the ₹3,230-crore Yuge Yugeen Bharat Museum project at Delhi’s historic North and South Block complex. Spread across approximately 1,78,509 square metres, the museum will showcase India’s civilisational heritage through thematic galleries. Its first gallery is expected to open in the second half of 2027, with the project scheduled for phased completion by 2030-31.
