ദുബായ്: യാത്രാക്കൂലി ആവശ്യപ്പെട്ട് ഡ്രൈവർമാരുടെ സഹതാപം മുതലെടുത്ത് പണം തട്ടിയിരുന്ന ദുബായ് പൊലീസ് 22 അംഗ സംഘടിത യാചക സംഘത്തെ പിടികൂടി. ദുബായ് പൊലീസിന്റെ ‘പൊലീസ് ഐ’ സേവനം വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാന റോഡുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു സംഘം പണം ആവശ്യപ്പെട്ടിരുന്നത്. വഴിയിൽ കുടുങ്ങിയെന്നും നാട്ടിലേക്ക് മടങ്ങാൻ പണമില്ലെന്നും പറഞ്ഞാണ് ഡ്രൈവർമാരുടെ അനുകമ്പ നേടിയിരുന്നത്.
ദുബായ് പൊലീസ് രഹസ്യ നിരീക്ഷണം നടത്തി
ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നതായി വിവരം ലഭിച്ചതോടെ ദുബായ് പൊലീസ് ഫീൽഡ് ടീമുകളെ വിന്യസിച്ചു. അന്വേഷണത്തിനിടെ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞ് പൊലീസ് ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ഒറ്റപ്പെട്ട യാചനയല്ലെന്നും നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത സംഘമാണെന്നും വ്യക്തമായത്.
പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ്
അൽ ഖോർ സ്ട്രീറ്റ്, റാസ് അൽ ഖോർ, ബു കദ പാലം പരിസരം, ദുബായ്-അൽ ഐൻ റോഡ് ബ്രിജ് എന്നിവിടങ്ങളിലാണ് സംഘം പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
ഇതിനിടെ പൊലീസ് വിവിധ സ്ഥലങ്ങളിൽ രഹസ്യ നിരീക്ഷണം ശക്തമാക്കി. ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം സുരക്ഷാ പദ്ധതി തയ്യാറാക്കി 22 പേരെയും ഒരുമിച്ച് പിടികൂടുകയായിരുന്നു.
സംഘത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
‘പൊലീസ് ഐ’ വഴി നിർണായക വിവരം
കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ‘പൊലീസ് ഐ’ സേവനം വഴി ലഭിച്ച വിവരമാണ് സംഘത്തെ കണ്ടെത്തുന്നതിൽ പ്രധാനമായത്.
ഇത് പൊതുജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
റോഡിലെ യാചനയ്‌ക്കെതിരെ മുന്നറിയിപ്പ്
പ്രധാന റോഡുകളിൽ വാഹനങ്ങൾ തടഞ്ഞുള്ള യാചന നിയമവിരുദ്ധമാണെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ യാചകരുടെയും വാഹന ഉടമകളുടെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം സംഭവങ്ങളിൽ പെട്ടുപോകാതിരിക്കാനും അപകടകരമായ രീതിയിൽ വാഹനങ്ങൾ നിർത്തി മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാതിരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം
ദുബായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിന്റെ ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴി വിവരം നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും, ലഭിക്കുന്ന വിവരങ്ങൾ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾക്ക് സഹായകരമാകുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
English summary:Dubai Police arrested a 22-member organised begging group accused of stopping motorists on major roads and seeking money by claiming they were stranded and needed fare to return home. The group was identified after information was received through the Dubai Police app’s “Police Eye” service. Police conducted surveillance at several busy locations before arresting all 22 members. Authorities warned that begging on major roads is illegal and can pose safety risks to both pedestrians and motorists.
