കൊച്ചി: ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ നാലാം വാർഷികത്തിൽ സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരങ്ങളും ജീവിതപങ്കാളികളുമായ ആദിലയും നൂറയും. നൂറയ്ക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ആദില സ്നേഹം തുറന്നുപറഞ്ഞത്.
നൂറയ്ക്കൊപ്പമുള്ള ജീവിതം അത്ഭുതകരമായ ഒരു റോളർ കോസ്റ്റർ യാത്രയാണെന്ന് ആദില കുറിച്ചു. സന്തോഷ നിമിഷങ്ങളും വെല്ലുവിളികളും വിജയങ്ങളും പ്രതിസന്ധികളും ഒരുമിച്ച് നേരിട്ടെങ്കിലും, എല്ലാ സാഹചര്യങ്ങളിലും നൂറ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് ആദില പറഞ്ഞു.
“നിന്നെപ്പോലൊരു പങ്കാളിയെ ലഭിച്ചത് വലിയ അനുഗ്രഹമാണ്. നീ വെറും പ്രണയം മാത്രമല്ല, എന്റെ ഏറ്റവും വലിയ കരുത്തും സുരക്ഷിത സ്ഥാനവും വീടുമാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും നീ കൂടെയുണ്ടെന്നത് വീണ്ടും മുന്നോട്ട് പോകാനുള്ള ശക്തി നൽകുന്നു,” ആദില കുറിച്ചു.
തങ്ങളുടെ ഭാവി മനോഹരമായ കാര്യങ്ങളാൽ നിറഞ്ഞതായിരിക്കുമെന്ന് വിശ്വസിക്കുന്നതായും, എന്ത് സാഹചര്യങ്ങൾ വന്നാലും നൂറയ്ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ആദില വ്യക്തമാക്കി.
“ചിലപ്പോൾ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ ആഴം എനിക്കുപോലും മനസ്സിലാകാറില്ല. നിന്റെ സാന്നിധ്യം എന്റെ ഇരുട്ടിനെ വെളിച്ചമാക്കുന്നു. എല്ലാം ശരിയാക്കാനുള്ള മാന്ത്രികവിദ്യ നിനക്കുണ്ട്,” എന്നും ആദില കുറിച്ചു.
തങ്ങളുടെ വിവാഹം ഉടൻ നടക്കുമെന്ന പ്രതീക്ഷയും ആദില പങ്കുവച്ചു. എല്ലാ പ്രണയങ്ങളും ഒരുപോലെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ദിവസം സമൂഹത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും കുറിപ്പിലൂടെ പ്രകടിപ്പിച്ചു.
English Summary
Bigg Boss stars and partners Adila and Noora celebrated four years of togetherness. Marking the occasion, Adila shared an emotional note describing Noora as her strength, safe space, and home. She reflected on their journey through happiness and hardships and expressed hope for their future together, including the possibility of marriage and broader acceptance of all forms of love.
