പുനലൂർ: സോഷ്യൽ മീഡിയയിൽ ‘അച്ചാമാസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ രത്നമ്മ (69) അന്തരിച്ചു. ഭർത്താവ് തുളസീധരനൊപ്പമുള്ള രസകരമായ റീലുകളിലൂടെ ശ്രദ്ധ നേടിയ രത്നമ്മയുടെ വേർപാട് ആരാധകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി.
അൻപത് വർഷത്തിലേറെ നീണ്ട ദാമ്പത്യജീവിതത്തിന്റെ മനോഹര നിമിഷങ്ങളാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. കൗമാരപ്രായത്തിൽ ആരംഭിച്ച അവരുടെ പ്രണയം വിവാഹത്തിലേക്കും തുടർന്ന് സന്തോഷകരമായ കുടുംബജീവിതത്തിലേക്കും വളർന്ന കഥ നിരവധി പേരുടെ ഹൃദയം കീഴടക്കിയിരുന്നു.
കൊച്ചുമക്കളായ അമലും അഖിലും ചേർന്നാണ് ‘അച്ചാമാസ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. യുവതലമുറ അവതരിപ്പിക്കുന്ന ട്രെൻഡിങ് റീലുകൾ തുളസീധരനെയും രത്നമ്മയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ചതോടെ അക്കൗണ്ട് വൈറലായി. ലക്ഷക്കണക്കിന് ആളുകൾ ഇവരുടെ വീഡിയോകൾ ഏറ്റെടുത്തു.
‘കൺമണി അൻപോടു കാതലൻ’, ‘പിന്നാലെ നടന്നതിൽ പിണങ്ങല്ലേ നീ’ തുടങ്ങിയ ഗാനങ്ങൾക്ക് ഇരുവരും ചെയ്ത റീലുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതി നേടിയിരുന്നു. അഭിനയപരിചയമില്ലാതിരുന്നിട്ടും സ്വാഭാവികമായ പ്രകടനത്തിലൂടെ ഇവർ സോഷ്യൽ മീഡിയയുടെ പ്രിയ താരങ്ങളായി മാറി.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോയ ദമ്പതികൾക്ക് യാത്രകളും കുടുംബസമേതമുള്ള നിമിഷങ്ങളും ഏറെ പ്രിയപ്പെട്ടതായിരുന്നു. വിമാനയാത്ര നടത്തണമെന്ന ആഗ്രഹം രത്നമ്മ പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു.
രത്നമ്മയുടെ വേർപാടോടെ സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹമാണ്. പ്രണയവും കുടുംബബന്ധവും ലളിതമായ ജീവിതസന്തോഷങ്ങളും പങ്കുവെച്ച ‘അച്ചാമാസ്’ ദമ്പതികളിൽ ഒരാളുടെ വിടവാങ്ങൽ ആരാധകർക്ക് വലിയ നഷ്ടമായിരിക്കുകയാണ്.
English Summary
Ratnamma (69), one half of the popular Instagram couple behind the viral account ‘Achamas’, has passed away. Along with her husband Thulasidharan, she gained widespread popularity through entertaining reels that showcased their love, humor, and family life. Their content, created with the help of their grandchildren, attracted hundreds of thousands of followers and made them social media sensations in Kerala.
