വാഷിങ്ടൻ: യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലെത്തിച്ചെന്ന ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ. 52കാരനായ ചൈനീസ് പൗരൻ ലി മിങ്ങാണ് ഈ ശൃംഖലയുടെ പ്രധാന ആസൂത്രകനെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സിംഗപ്പൂരിൽ ജാമ്യത്തിൽ കഴിയുന്ന ലി മിങ്, വിവാദ കമ്പനിയായ മെഗാസ്പീഡിന്റെ നിർണായക തീരുമാനങ്ങളിൽ പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
മെഗാസ്പീഡിന് പിന്നിലെ ലി മിങ്ങിന്റെ പങ്ക്
മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ചൈനീസ് ചാരവൃത്തി ആരോപണങ്ങളുമാണ് വിവാദത്തിന് തുടക്കമിട്ടതെന്ന് റിപ്പോർട്ട് പറയുന്നു. ആലീസ് ഹുവാങിനെ ചൈനീസ് ചാരയാണെന്ന് യുഎസ് സംശയിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സിംഗപ്പൂരിലെ തന്റെ കമ്പനിയായ ‘ലക്ഷ്വറിയേറ്റ് യുവർ ലൈഫ്’ എന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലി മിങ് എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച കംപ്യൂട്ടർ സെർവറുകൾ വാങ്ങിയതെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. എന്നാൽ സെർവറുകൾ സിംഗപ്പൂരിൽ ഉപയോഗിക്കാതെ മലേഷ്യയിലേക്കും അവിടെനിന്ന് മറ്റൊരു അജ്ഞാത കേന്ദ്രത്തിലേക്കും കടത്തിയെന്നാണ് ആരോപണം.
2025 ഫെബ്രുവരിയിൽ സിംഗപ്പൂരിൽ ലി മിങ്ങിനെതിരെ തട്ടിപ്പിന് കേസെടുത്തിരുന്നു.
ചൈനീസ് കമ്പനികളുമായുള്ള ബന്ധം
ആലീസ് ഹുവാങ്ങും ഭർത്താവ് കാങ് വെയ്യും ചേർന്ന് 2021ൽ ചൈനയിൽ സ്ഥാപിച്ച സെഞ്ച്വറി ലോങ്ടെങ് എന്ന ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫിസറായും ലി മിങ് പ്രവർത്തിച്ചിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ പങ്കാളികളെ കണ്ടെത്തി ചൈനയിലേക്ക് അത്യാധുനിക കംപ്യൂട്ടിങ് സംവിധാനങ്ങൾ എത്തിക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
ഇതിനായി ഒരു ചൈനീസ് വിഡിയോ ഗെയിം കമ്പനിയുടെ സിംഗപ്പൂർ യൂണിറ്റ് ഏറ്റെടുത്ത് മെഗാസ്പീഡ് എന്ന് പുനർനാമകരണം ചെയ്തു. തുടർന്ന് ആലീസ് ഹുവാങ്ങിനെ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിച്ചു.
ആലിബാബ ബന്ധവും ചിപ്പ് ഇടപാടുകളും
ചൈനീസ് ടെക് കമ്പനിയായ ആലിബാബ പ്രധാന ഉപഭോക്താവാണെന്ന് വിശ്വസിപ്പിച്ചാണ് 2023 നവംബറിൽ മെഗാസ്പീഡ് എൻവിഡിയയുടെ ക്ലൗഡ് പാർട്ണർ പ്രോഗ്രാമിൽ അംഗമായതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഏറ്റവും പുതിയ ചിപ്പുകൾ മുൻഗണനാ അടിസ്ഥാനത്തിൽ വാങ്ങാൻ കമ്പനിക്ക് അവസരം ലഭിച്ചു.
മലേഷ്യയിലെത്തിച്ച സെർവറുകൾ ഉപയോഗിച്ച് ആലിബാബയ്ക്ക് സേവനം നൽകിയതിനു പുറമെ, യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് ഷാങ്ഹായിലെ സെഞ്ച്വറി ലിറ്റോങ് എന്ന കമ്പനിയിലേക്കും സെർവറുകൾ അയച്ചെന്നാണ് ആരോപണം.
അതേസമയം, എൻവിഡിയ ചിപ്പുകൾ സംഘടിപ്പിക്കാൻ ആലീസ് ഹുവാങ് ശ്രമിച്ചപ്പോൾ, ഭർത്താവ് കാങ് വെയ് ചൈനയിലുടനീളം സർക്കാർ പിന്തുണയോടെ വൻ ഡാറ്റാ സെന്റർ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതിയിൽ 900 കോടി ഡോളറിലധികം നിക്ഷേപമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിവരം.
അന്വേഷണവും മെഗാസ്പീഡിനെതിരായ നടപടിയും
2024ൽ യുഎസ് വാണിജ്യ, നീതിന്യായ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെ 2025 ജൂണിൽ എൻവിഡിയ മെഗാസ്പീഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
സിംഗപ്പൂർ നടത്തിയ അന്വേഷണത്തിൽ ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ആലീസ് ഹുവാങ്ങിന് കർശന താക്കീത് നൽകുകയും സിംഗപ്പൂരിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഓഹരി വിപണിയിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആലീസിന്റെ ഭർത്താവ് കാങ് വെയ് ഈ വർഷം ആദ്യം ഷാങ്ഹായിൽ അറസ്റ്റിലായിരുന്നു. അതേസമയം, ആലീസ് ഹുവാങ് 2025 ഓഗസ്റ്റിൽ കമ്പനി വിട്ടതായി മെഗാസ്പീഡ് അറിയിച്ചു. തങ്ങൾ നിയമപരമായ ബിസിനസ് മാത്രമാണ് നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.
English Summary:
A Wall Street Journal report has identified Chinese national Li Ming as a key figure behind an alleged network that diverted Nvidia AI chip servers to China in violation of US export controls. The report links Li to Singapore-based Megaspeed and executives Alice Huang and Kang Wei. Investigations by US and Singapore authorities led to scrutiny of the company’s activities and restrictions against Alice Huang.
