യുഎഇ : യുഎഇയിലെ അമുസ്ലിം ആരാധനാലയങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാൽ 7.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
വിദേശസംഭാവന സ്വീകരിക്കൽ, അനുമതിയില്ലാതെ പണം വിദേശത്തേക്ക് അയയ്ക്കൽ, വിദേശ ഔദ്യോഗിക സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കൽ തുടങ്ങിയ 24 വിഭാഗം നിയമലംഘനങ്ങൾക്കാണ് കാബിനറ്റ് ഭരണപരമായ ശിക്ഷകൾ നിശ്ചയിച്ചത്.
മുന്നറിയിപ്പ് മുതൽ പിഴയും പ്രവർത്തനവിലക്കും വരെയാണ് ശിക്ഷകൾ. നിയമലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് പിഴത്തുകയും വർധിക്കും.
നാലാം തവണയും നിയമലംഘനം നടത്തിയാൽ മൂന്നു മാസം വരെ പ്രവർത്തനം വിലക്കാനും വ്യവസ്ഥയുണ്ട്. സമാന കാലയളവിലേക്ക് വിലക്ക് നീട്ടാനും വ്യവസ്ഥയുണ്ട്.
വിദേശ സംഭാവനയ്ക്ക് കർശന പിഴ
വിദേശസംഭാവന സ്വീകരിച്ചാൽ ആദ്യ ലംഘനത്തിന് ഒരു ലക്ഷം ദിർഹവും രണ്ടാം ലംഘനത്തിന് 2.5 ലക്ഷം ദിർഹവും മൂന്നാം ലംഘനത്തിന് 5 ലക്ഷം ദിർഹവും പിഴ ചുമത്തും.
അനുമതിയില്ലാതെ വിദേശത്തേക്ക് പണമോ സഹായമോ കൈമാറിയാൽ ആദ്യ ലംഘനത്തിന് 50,000 ദിർഹവും രണ്ടാം ലംഘനത്തിന് ഒരു ലക്ഷം ദിർഹവും മൂന്നാം ലംഘനത്തിന് 2.5 ലക്ഷം ദിർഹവും പിഴ ഈടാക്കും.
സംഭാവന ശേഖരിക്കുകയോ അതിനായി പരസ്യം ചെയ്യുകയോ ചെയ്താൽ ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ.
വിദേശ സ്ഥാപനങ്ങളുമായുള്ള ബന്ധത്തിനും നടപടി
വിദേശ രാജ്യങ്ങളിലെ നയതന്ത്ര, ഔദ്യോഗിക സ്ഥാപനങ്ങളുമായി ഔദ്യോഗികമായോ അനൗദ്യോഗികമായോ ബന്ധം സ്ഥാപിച്ചാൽ ആദ്യ ലംഘനത്തിന് 2.5 ലക്ഷം ദിർഹവും രണ്ടാം ലംഘനത്തിന് 5 ലക്ഷം ദിർഹവും മൂന്നാം ലംഘനത്തിന് 7.5 ലക്ഷം ദിർഹവും പിഴ ചുമത്തും.
വിദേശ മതസംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഇതേ നിരക്കിലാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
ലൈസൻസും സാമ്പത്തിക രേഖകളും
അംഗീകൃത ആവശ്യങ്ങൾക്കല്ലാതെ ആരാധനാലയം ഉപയോഗിക്കുക, നിശ്ചിത പരിസരത്തിന് പുറത്തു മതപരമായ ചടങ്ങുകൾ നടത്തുക തുടങ്ങിയവയ്ക്കും പിഴയുണ്ട്.
ആദ്യ ലംഘനത്തിന് ഒരു ലക്ഷം ദിർഹം വീതം പിഴയും മൂന്നാം ലംഘനത്തിന് 4 ലക്ഷം ദിർഹം വരെ പിഴയും ചുമത്താം.
ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുക, മേൽനോട്ട ചുമതലയുള്ള വ്യക്തിയെ നിയമിക്കാതിരിക്കുക, വാർഷിക യോഗം ചേരാതിരിക്കുക, അംഗീകാരമില്ലാതെ ഭരണസമിതിയിൽ മാറ്റം വരുത്തുക, കണക്കുകളും രേഖകളും സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയും ശിക്ഷാർഹമാണ്.
യുഎഇയിലെ ദേശീയ ബാങ്കിൽ അക്കൗണ്ട് തുറക്കാതിരിക്കുക, പണം അംഗീകൃത അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ചെലവഴിക്കുക, വാർഷിക ബജറ്റും സാമ്പത്തിക കണക്കുകളും സമർപ്പിക്കാതിരിക്കുക തുടങ്ങിയവയ്ക്കും പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
English Summary : The UAE has set administrative penalties for 24 categories of violations involving non-Muslim places of worship. Fines can reach up to AED 750,000, while repeated violations may also lead to suspension of activities. Violations include receiving foreign donations, transferring funds abroad without approval and establishing relationships with foreign official or religious organisations.
