വാളയാർ: വർഷങ്ങൾക്കുശേഷം പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ കരിമ്പ് കൃഷി വീണ്ടും സജീവമാകുന്നു.
പെട്രോളിൽ എഥനോൾ ചേർക്കുന്നതിനുള്ള കേന്ദ്രനയവും ഇതിലൂടെ തുറന്നുകിട്ടിയ വ്യാവസായിക വിപണിയും മുന്നിൽക്കണ്ടാണ് കൃഷിവകുപ്പ് കരിമ്പ് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
ഹെക്ടറിന് 20,000 രൂപ ധനസഹായം ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിനായി തയ്യാറാക്കുന്നത്.
ചിറ്റൂർ പഞ്ചസാര ഫാക്ടറി അടച്ചുപൂട്ടി; കൃഷി തകർന്നു
കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ കരിമ്പ് കൃഷി വ്യാപകമായിരുന്നു.
എന്നാൽ, ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറി അടച്ചുപൂട്ടിയതോടെ കർഷകർക്ക് വിപണി നഷ്ടപ്പെടുകയും കരിമ്പ് കൃഷി ക്രമേണ തകരുകയും ചെയ്തു.
അതേസമയം, എഥനോൾ ഉൽപാദനത്തിന് ലഭിക്കുന്ന വിപണി സാധ്യത കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ അതിർത്തി മേഖലകളിൽ കരിമ്പ് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് കേരള കൃഷിവകുപ്പും കരിമ്പ് കൃഷിയുടെ തിരിച്ചുവരവിനായി പദ്ധതികൾ തയ്യാറാക്കുന്നത്.
കരിമ്പ് കൃഷിക്ക് ഹെക്ടറിന് 20,000 രൂപ ധനസഹായം
കൃഷിഭവനുകൾ വഴി കർഷകർക്ക് ബോധവൽക്കരണം നൽകി കൂടുതൽ പേരെ കരിമ്പ് കൃഷിയിലേക്ക് ആകർഷിക്കാനാണ് കൃഷിവകുപ്പിന്റെ നീക്കം.
ഇതിന്റെ ഭാഗമായി ഹെക്ടറിന് 20,000 രൂപ ധനസഹായം നൽകുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
കൂടാതെ, കൃഷിയിലേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ സാങ്കേതിക സഹായവും കൃഷിരീതികളെക്കുറിച്ചുള്ള നിർദേശങ്ങളും ലഭ്യമാക്കും.
ഇതിനായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കണ്ണൂരിലെ ഷുഗർകെയ്ൻ ബ്രീഡിങ് ഇൻസ്റ്റിറ്റിയൂട്ടിന്റെയും സേവനം പ്രയോജനപ്പെടുത്തും.
എഥനോൾ വിപണി കരിമ്പ് കർഷകർക്ക് പുതിയ പ്രതീക്ഷ
പെട്രോളിൽ എഥനോൾ ചേർക്കാമെന്ന കേന്ദ്രസർക്കാർ നയമാണ് കരിമ്പ് കൃഷിക്ക് പുതിയ സാധ്യതകൾ തുറന്നത്. കരിമ്പിൻ നീരിൽ നിന്നും മൊളാസസിൽ നിന്നും നേരിട്ട് എഥനോൾ ഉൽപാദിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതോടെ കരിമ്പിന് വ്യാവസായിക വിപണി കൂടി ലഭിച്ചു. തമിഴ്നാട്ടിലെ കേരള അതിർത്തിയോട് ചേർന്നുള്ള നിരവധി സ്വകാര്യ മില്ലുകൾ എഥനോൾ ഉൽപാദനത്തിലേക്ക് തിരിയുകയാണ്.
അതിർത്തി ഗ്രാമങ്ങളിൽ വീണ്ടും കരിമ്പ് കൃഷിക്ക് സാധ്യത
ഒരുകാലത്ത് വിപുലമായി കരിമ്പ് കൃഷി ചെയ്തിരുന്ന അതിർത്തി മേഖലകളിൽ ഇപ്പോൾ ശർക്കര നിർമാണത്തിനും ഉത്സവകാല വിൽപ്പനയ്ക്കും ആവശ്യമായ കൃഷി മാത്രമാണ് നടക്കുന്നത്.
എന്നാൽ, എഥനോൾ വിപണി സജീവമായതോടെ ഉൽപന്നം വിറ്റഴിക്കാനുള്ള ആശങ്ക കുറയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇതോടെ വലിയൊരു വിഭാഗം വീണ്ടും കരിമ്പ് കൃഷിയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.
കൃഷിവകുപ്പിന്റെ പദ്ധതികൾ ലക്ഷ്യമിട്ട രീതിയിൽ നടപ്പായാൽ വാളയാർ മുതൽ ഗോവിന്ദാപുരം വരെ നീളുന്ന തമിഴ്നാട് അതിർത്തി ഗ്രാമങ്ങൾ വീണ്ടും കരിമ്പ് കൃഷിയുടെ കേന്ദ്രങ്ങളായി മാറും. പാലക്കാടിന്റെ കാർഷിക മേഖലയിൽ പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കമാകുമെന്നാണ് പ്രതീക്ഷ.
English Summary:
Sugarcane cultivation is set to make a comeback in the eastern parts of Palakkad district, Kerala, driven by growing demand for ethanol production. The Agriculture Department plans to encourage farmers through awareness programmes and financial assistance of ₹20,000 per hectare. Sugarcane farming had declined after the closure of the Chittur Cooperative Sugar Factory. With the Centre permitting ethanol production directly from sugarcane juice and molasses, farmers are hopeful of a reliable industrial market. If the initiative succeeds, border villages from Walayar to Govindapuram could once again emerge as major sugarcane-growing regions
