facebook

മെട്രോ നഗരങ്ങളെ പിന്നിലാക്കി തിരുവനന്തപുരം; ജീവിതനിലവാര സ്കോർ 121.5

2 Min Read

തിരുവനന്തപുരം : ശാന്തമായ ആറും മലനിരകളും കാടും കടലും ഒത്തുചേരുന്ന പ്രകൃതിഭംഗിക്ക് പുറമെ മികച്ച നഗരസൗകര്യങ്ങളും തിരുവനന്തപുരത്തിന്റെ നേട്ടമായി മാറുന്നു.

നംബിയോയുടെ 2026ലെ അർധവാർഷിക റിപ്പോർട്ടിലാണ് നഗരത്തിന്റെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവന്നത്. 121.5 ആണ് തിരുവനന്തപുരത്തിന്റെ ജീവിതനിലവാര സ്കോർ.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗത്തെ മികവ്, വൃത്തി, സുരക്ഷിതത്വം, മിതമായ ജീവിതച്ചെലവ് എന്നിവയാണ് നഗരത്തിന്റെ പ്രധാന നേട്ടങ്ങളായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

വിവിധ ഘടകങ്ങൾ ചേർന്ന് ജീവിതത്തിന് മികച്ച സന്തുലിതാവസ്ഥ ഒരുക്കുന്ന നഗരമായാണ് തിരുവനന്തപുരം വിലയിരുത്തപ്പെടുന്നത്.

30 മിനിറ്റിൽ പ്രധാന സൗകര്യങ്ങളിലേക്ക്

നഗരത്തിൽ താമസിക്കുന്നവർക്ക് അന്താരാഷ്ട്ര വിമാനത്താവളം, ടെക്നോപാർക്ക്, മാളുകൾ, ആശുപത്രികൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ഏകദേശം 30 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകുന്നത് തിരുവനന്തപുരത്തിന്റെ മറ്റൊരു നേട്ടമാണ്.

ഇത്തരം അടിസ്ഥാന സൗകര്യങ്ങളാണ് ജീവിതനിലവാര സൂചികയിൽ നഗരത്തിന് മുന്നിലെത്താൻ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ.

ആരോഗ്യമേഖലയിലും തിരുവനന്തപുരം മികച്ച നിലയിലാണ്. നംബിയോയുടെ ഹെൽത്ത് കെയർ ഇൻഡക്സിൽ 63.4 സ്കോർ നേടി നഗരം ഉയർന്ന വിഭാഗത്തിൽ ഇടംപിടിച്ചു.

നഗരത്തിലെ ആരോഗ്യസൗകര്യങ്ങളുടെ മികവാണ് ഈ നേട്ടത്തിന് പ്രധാനമായും പിന്തുണ നൽകുന്നത്.

മുംബൈയേക്കാളും ഡൽഹിയേക്കാളും കുറഞ്ഞ ജീവിതച്ചെലവ്

തിരുവനന്തപുരം ജീവിക്കാൻ താരതമ്യേന ചെലവ് കുറഞ്ഞ നഗരമാണെന്നും നംബിയോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

നഗരത്തിന്റെ കോസ്റ്റ് ഓഫ് ലിവിങ് ഇൻഡക്സ് 18.1 ആണ്. മുംബൈയിലെ 25.8, ഡൽഹിയിലെ 22.5 എന്നീ സ്കോറുകളേക്കാൾ ഇത് കുറവാണ്.

നാലുപേരടങ്ങുന്ന കുടുംബത്തിന് തിരുവനന്തപുരത്ത് പ്രതിമാസം ഏകദേശം 77,539 രൂപ ചെലവാകുമെന്നാണ് കണക്കുകൾ.

കുറഞ്ഞ ജീവിതച്ചെലവും നഗരത്തിലെ മറ്റ് സൗകര്യങ്ങളും തിരുവനന്തപുരത്തെ മെട്രോ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.

വരുമാനശേഷി പ്രധാന വെല്ലുവിളി

അതേസമയം, നഗരത്തിന്റെ പ്രധാന വെല്ലുവിളിയായി വരുമാനശേഷിയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക വേതനം താരതമ്യേന കുറവായതിനാൽ തിരുവനന്തപുരത്തിന്റെ പർച്ചേസിങ് പവർ ഇൻഡക്സ് 47.5 എന്ന നിലയിലാണ്.

പ്രോപ്പർട്ടി പ്രൈസ് ടു ഇൻകം അനുപാതം 12.9 ആണ്. അതിനാൽ സ്വന്തമായി വീട് വാങ്ങുന്നത് സാധാരണക്കാർക്ക് ഇപ്പോഴും വലിയ സാമ്പത്തിക ബാധ്യതയായി തുടരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

എങ്കിലും വലിയ മെട്രോ നഗരങ്ങളിലെ ഉയർന്ന ചെലവും തിരക്കും ഒഴിവാക്കി സമാധാനപരവും സുരക്ഷിതവുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം മികച്ച തെരഞ്ഞെടുപ്പാണെന്ന വിലയിരുത്തലിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.

English Summary : Numbeo’s 2026 mid-year report gives Thiruvananthapuram a Quality of Life Index score of 121.5. The city scores well for healthcare, infrastructure, safety and relatively low living costs, although purchasing power remains a key challenge.

Share This Article