കൊച്ചി: നാലുവർഷ ബിരുദ പഠനത്തിന്റെ ഭാഗമായി കോഴ്സുകളുടെ എണ്ണം വർധിച്ചതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാൻ കോളജുകളിൽ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്താൻ ശുപാർശ.
അടുത്ത അധ്യയനവർഷം മുതൽ കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. കോളജുകളുടെ സൗകര്യവും ക്ലാസ് മുറികളുടെ ആവശ്യകതയും പരിഗണിച്ച് ഷിഫ്റ്റ് നടപ്പാക്കാനാണ് ശുപാർശ.
നാലുവർഷ ബിരുദം; ക്ലാസ് മുറികൾക്ക് ക്ഷാമം
മൈനർ കോഴ്സുകളുടെ എണ്ണം വർധിച്ചതും നാലുവർഷ ബിരുദ പഠനം നാലാം വർഷത്തിലേക്ക് കടക്കുന്നതുമാണ് ക്ലാസ് മുറികളുടെ ആവശ്യം വർധിപ്പിക്കുന്നത്. നിലവിലെ സൗകര്യങ്ങൾകൊണ്ട് എല്ലാ കോഴ്സുകൾക്കും ക്ലാസുകൾ ക്രമീകരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് ക്ലാസ് മുറികളുടെ കുറവ് പരിഹരിക്കുന്നതിനായി കോളജുകളിൽ ഷിഫ്റ്റ് സംവിധാനം പരിഗണിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ക്ലാസ്
നിലവിൽ കോളജുകളിൽ ദിവസവും അഞ്ച് മണിക്കൂറാണ് പഠനസമയം. ഈ സമയക്രമം നിലനിർത്തിക്കൊണ്ട് രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ ക്രമീകരിക്കാമെന്നാണ് നിർദേശം.
- രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ
- ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ
എന്നാൽ, ഷിഫ്റ്റ് സംവിധാനം നിർബന്ധമാക്കണമെന്നില്ല. ക്ലാസ് മുറികളുടെ ആവശ്യകതയും ലഭ്യമായ സൗകര്യങ്ങളും വിലയിരുത്തി കോളജുകൾക്ക് തീരുമാനമെടുക്കാം. സമയക്രമത്തിലും സ്ഥാപനങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
സർക്കാർ കോളജുകൾക്ക് 500 മുറികൾ കൂടി വേണം
പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ കോളജുകളിൽ 500 ക്ലാസ് മുറികൾ അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. എയ്ഡഡ് കോളജുകളിൽ 2,000ത്തിലേറെ മുറികളും ആവശ്യമായി വരും.
കാര്യവട്ടം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രൊഫസർ എസ്. ഗ്ലാഡ്സൺ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. ആബിദ ഫാറൂഖി കൺവീനറുമായ വിദഗ്ധ സമിതിയാണ് ശുപാർശ മുന്നോട്ടുവച്ചത്.
English Summary:
A government-appointed expert committee has recommended introducing shift-based classes in colleges to address the shortage of classrooms under Kerala’s four-year undergraduate programme. Colleges may consider morning and afternoon shifts while retaining the existing five-hour daily teaching schedule. The recommendation is not mandatory, and institutions can decide based on their facilities and requirements. Around 500 additional classrooms are estimated to be needed in government colleges and over 2,000 in aided colleges.
