facebook

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില: കോടതിയിൽ മൊഴി നൽകി മുൻ സെക്രട്ടറി

2 Min Read

കൊട്ടാരക്കര: സോളർ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പീഡനപരാതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മോശമാകാൻ കാരണമായെന്ന് അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. 

കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

സോളർ അന്വേഷണ കമ്മിഷനു മുന്നിൽ സമർപ്പിച്ച പരാതിക്കത്തിൽ അധികമായി നാല് പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിലെ ഗൂഢാലോചന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് മൊഴിയെടുപ്പ് നടന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മോശമായെന്ന് മുൻ സെക്രട്ടറി

സോളർ അന്വേഷണ കമ്മിഷനു മുന്നിൽ പീഡനക്കേസ് പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി ഉൾപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഹർജി.

 അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

കേസിൽ സോളർ പീഡനക്കേസ് പരാതിക്കാരിയാണ് ഒന്നാം പ്രതി. കെ.ബി. ഗണേഷ്കുമാർ രണ്ടാം പ്രതിയാണ്.

ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ സോളർ കേസ് പരാതിക്കാരി ഒരിക്കൽ മാത്രമാണ് എത്തിയതെന്ന് പി.എസ്. ശ്രീകുമാർ മൊഴി നൽകി.

 2013ലായിരുന്നു ആ സന്ദർശനം. പഴ്സനൽ സെക്യൂരിറ്റി ഓഫീസർ അറിയിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ മുറിയിലെത്തിയപ്പോൾ ലക്ഷ്മി നായർ എന്ന സ്ത്രീ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നൽകാനെത്തിയതാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ചെക്ക് കൈപ്പറ്റി ഫിനാൻസ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. പിന്നീട് മാത്രമാണ് അവർ സോളർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് അറിഞ്ഞതെന്നും ശ്രീകുമാർ കോടതിയെ അറിയിച്ചു.

ഗണേഷ്കുമാറിന്റെ കുടുംബപ്രശ്നവും ഉമ്മൻ ചാണ്ടിയെ ബാധിച്ചു

കെ.ബി. ഗണേഷ്കുമാറിന്റെ കുടുംബപ്രശ്നം പരിഹരിക്കാൻ ഉമ്മൻ ചാണ്ടി ഏറെ ശ്രമിച്ചിരുന്നുവെന്നും ശ്രീകുമാർ മൊഴി നൽകി. 

പാർട്ടി ചെയർമാൻ എന്ന നിലയിൽ പിതാവ് ആർ. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബപ്രശ്നവും തുടർന്നുണ്ടായ വിവാദങ്ങളും കാരണം ഉറക്കം നഷ്ടപ്പെട്ടെന്നും രക്തസമ്മർദം വർധിച്ചെന്നും മരുന്ന് കഴിക്കുകയാണെന്നും ഗണേഷ്കുമാർ തന്നോട് പറഞ്ഞിരുന്നതായി ശ്രീകുമാർ മൊഴി നൽകി.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമൊഴിഞ്ഞ ശേഷമാണ് സോളർ അന്വേഷണ കമ്മിഷനു മുന്നിലും പിന്നീട് അധികാരത്തിലെത്തിയ സർക്കാരിനു മുന്നിലും പരാതിക്കാരി പീഡനപരാതി ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോൺ മുണ്ടക്കയവും കോടതിയിൽ മൊഴി നൽകി

കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയവും കോടതിയിൽ മൊഴി നൽകി. ഉമ്മൻ ചാണ്ടിയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വലിയ മാനസിക സംഘർഷത്തിന് ഇടയാക്കിയെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

ഈ സാഹചര്യം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകി.

കേസിൽ കോടതി അടുത്ത മാസം 17ന് വീണ്ടും വാദം കേൾക്കും.

English Summary:

Former private secretary P.S. Sreekumar told the Kottarakkara court that the sexual assault complaint filed against former Kerala Chief Minister Oommen Chandy affected his health. The testimony was recorded in a petition alleging a conspiracy behind the addition of four pages to a complaint submitted before the Solar Commission. Senior journalist John Mundakkayam also testified. The court will hear the case again on the 17th of next month.

Share This Article