ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ നടന്ന വൻ തനിഷ്ക് ജുവലറി കവർച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സുരേഷ്, മീനാക്ഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരിൽനിന്ന് അഞ്ച് കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. മൊബൈൽ ഫോൺ സിഗ്നലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
മുഖ്യപ്രതിയുടെ അച്ഛനും സുഹൃത്തും അറസ്റ്റിൽ
കവർച്ചയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിന്റെ അച്ഛനാണ് അറസ്റ്റിലായ സുരേഷെന്നാണ് പ്രാഥമിക വിവരം.
നിഷാന്തിന്റെ സുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പൊലീസ് പിടികൂടി.
അതേസമയം, നിഷാന്തിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ബൈക്ക് ടാക്സി ഡ്രൈവറായ ഇയാൾ കവർച്ച നടന്ന ദിവസം പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല.
മോഷണത്തിന് മുൻപ് മൂന്ന് തവണ ഷോറൂമിലെത്തി
കവർച്ചയ്ക്ക് മുൻപ് പ്രതിയെന്ന് സംശയിക്കുന്നയാൾ മൂന്ന് തവണ ജുവലറിയിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്ന് പൊലീസ് പറയുന്നു.
ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നത്. എന്നാൽ മൂന്ന് സന്ദർശനങ്ങളിലും ഒരേ തൊപ്പി ഉപയോഗിച്ചതാണ് അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
20 കിലോയോളം സ്വർണാഭരണങ്ങൾ കവർന്നു
മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽനിന്ന് 20 കിലോഗ്രാമോളം സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
വയറിങ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന ഷോറൂമിൽ ലിഫ്റ്റിന്റെ ഭാഗത്തുകൂടി മുഖംമൂടി ധരിച്ച മോഷ്ടാവ് അകത്തുകടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
മോഷണം പോയ ആഭരണങ്ങളെല്ലാം പ്രദർശന വിഭാഗത്തിൽ സൂക്ഷിച്ചിരുന്നതാണെന്ന് പൊലീസ് അറിയിച്ചു. ലോക്കറുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ സുരക്ഷിതമാണ്.
ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്
ബൈപാസ് റോഡിലുള്ള ഔട്ട്ലെറ്റിൽ വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് കവർച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണത്തിൽ ഇതുവരെ അഞ്ച് കിലോ സ്വർണം വീണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന ആഭരണങ്ങൾ കണ്ടെത്തുന്നതിനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിനെ പിടികൂടുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
English Summary:
Police have arrested Suresh and Meenakshi in connection with the theft of around 20 kg of gold jewellery from a newly opened Tanishq showroom in Madurai, Tamil Nadu. Five kilograms of gold ornaments have reportedly been recovered. Suresh is believed to be the father of prime suspect Nishanth, while Meenakshi is described as Nishanth’s friend and an Instagram influencer. Police traced the suspects using mobile phone signals and are continuing their search for Nishanth. CCTV footage reportedly shows the suspected main accused visiting the showroom three times before the robbery.
