കൊച്ചി: കേരളത്തിലെ ബീഫ് വിൽപ്പനയെ വിമർശിച്ച് രാജസ്ഥാൻ സ്വദേശി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.
കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ ബീഫ് വിഭവങ്ങൾ വിൽക്കുന്നതിനെതിരെയാണ് സഞ്ജയ് ശർമ എന്ന യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തിൽ ഇടപെടണമെന്ന ആവശ്യത്തിനെതിരെ നിരവധി മലയാളികൾ പ്രതികരണവുമായി രംഗത്തെത്തി.
ബീഫ് വിൽപ്പനയിൽ അതൃപ്തി; മോദിയും യോഗിയും ഇടപെടണമെന്ന് ആവശ്യം
കൊച്ചിയിലെ ഒരു വഴിയോര ഭക്ഷണശാലയിൽ പരസ്യമായി ബീഫ് വിൽക്കുന്നതിന്റെ ചിത്രത്തോടൊപ്പമാണ് സഞ്ജയ് ശർമ കുറിപ്പ് പങ്കുവച്ചത്.
പശുവിനെ പവിത്രമായി കാണുന്ന രാജ്യത്ത് ഇത്തരം കാഴ്ചകൾ വേദനിപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണമെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
‘ബീഫ് കഴിച്ചുകൊണ്ടാണ് പോസ്റ്റ് വായിക്കുന്നത്’; പരിഹാസവുമായി മലയാളികൾ
പോസ്റ്റ് ചർച്ചയായതോടെ മലയാളികളുടെ പ്രതികരണങ്ങൾ നിറഞ്ഞു. കേരളത്തിൽ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്കാണെന്നും മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളിൽ ഇടപെടേണ്ടതില്ലെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.
കേരളത്തിലെ സസ്യാഹാരികൾക്കുപോലും മറ്റുള്ളവർ ബീഫ് കഴിക്കുന്നതിൽ എതിർപ്പില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ‘ബീഫ് കഴിച്ചുകൊണ്ടാണ് ഈ പോസ്റ്റ് വായിക്കുന്നത്’, ‘ബീഫ് എന്നാൽ പശുവിറച്ചി മാത്രമല്ലെന്ന് മനസിലാക്കണം’ തുടങ്ങിയ പ്രതികരണങ്ങളും ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിലെ ബീഫ് വിഭവങ്ങൾ നിരത്തി മറുപടി
ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, പെപ്പർ ഫ്രൈ, ചില്ലി ബീഫ്, ബീഫ് മഞ്ചൂരിയൻ തുടങ്ങിയ വിഭവങ്ങളുടെ പേരുകൾ നിരത്തിയായിരുന്നു ചിലരുടെ മറുപടി.
കപ്പയും ബീഫും, കപ്പ ബിരിയാണി തുടങ്ങിയ കേരളീയ ഭക്ഷണരീതികളും കമന്റുകളിൽ പരാമർശിക്കപ്പെട്ടു. മറ്റു ചിലർ ബീഫ് കറി തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പുകൾ പങ്കുവച്ചും പ്രതികരിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഫ് വിൽക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചിലർ, അവിടങ്ങളിലെത്തി ഇത്തരം കാഴ്ചകൾ ചിത്രീകരിക്കണമെന്നും പരിഹസിച്ചു. സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ പരിശോധിച്ചശേഷം കേരളത്തിലെ ഭക്ഷണരീതികളെക്കുറിച്ച് അഭിപ്രായം പറയണമെന്ന പ്രതികരണങ്ങളും ഉയർന്നു.
ഫോർട്ട് കൊച്ചിയിലെ കഫേ വിവാദത്തിന് പിന്നാലെ പുതിയ പോസ്റ്റ്
കഴിഞ്ഞ മാസം ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെ വിമർശിച്ച് ‘ലിട്ടി ചോഖ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമ അമൃത് സിങ് ഡാരൻ വിഡിയോ പങ്കുവച്ചിരുന്നു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് കൊച്ചിയിലെ ബീഫ് വിൽപ്പന ചൂണ്ടിക്കാട്ടി സഞ്ജയ് ശർമ പുതിയ പോസ്റ്റ് പങ്കുവച്ചത്. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഇടപെടലുകളെന്നാണ് പോസ്റ്റിന് താഴെ നിരവധി പേർ വിമർശിച്ചത്.
English Summary:
A Facebook post by Rajasthan native Sanjay Sharma criticising the sale of beef at a roadside eatery in Kochi has triggered a debate online. Sharma urged Prime Minister Narendra Modi and Uttar Pradesh Chief Minister Yogi Adityanath to intervene. Many Malayalis responded by defending food freedom and Kerala’s diverse food culture, while others shared names of popular beef dishes and recipes. The discussion follows a recent controversy involving a video criticising beef being served at a Fort Kochi cafe.
