facebook

ഐഎൻഎസ് ബെത്വ നവീകരിക്കും; കൊച്ചിൻ ഷിപ്പ്‌യാർഡിന് 498.58 കോടിയുടെ കരാർ

2 Min Read

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് 498.58 കോടി രൂപയുടെ കരാർ. 

പ്രതിരോധ മന്ത്രാലയമാണ് കരാർ ഒപ്പുവച്ചത്. കപ്പലിന്റെ എൻജിൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ആയുധശേഷിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യം.

അടുത്ത ജനുവരിയോടെ കൊച്ചിയിലെത്തുന്ന കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കായി ഷിപ്പ്‌യാർഡിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 

സങ്കീർണമായ കപ്പൽ നവീകരണ രംഗത്ത് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ തദ്ദേശീയ സാങ്കേതിക ശേഷി തെളിയിക്കുന്നതാണ് പുതിയ കരാർ.

ഐഎൻഎസ് ബെത്വയ്ക്ക് അത്യാധുനിക ഡീസൽ എൻജിൻ സംവിധാനം

ബ്രഹ്മപുത്ര ക്ലാസ് യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയുടെ പ്രൊപ്പൽഷൻ സംവിധാനത്തിലാണ് പ്രധാന മാറ്റങ്ങൾ വരുത്തുന്നത്. 

നിലവിലുള്ള ആവി എൻജിൻ അധിഷ്ഠിത സംവിധാനത്തിന് പകരം അത്യാധുനിക ഡീസൽ എൻജിൻ അധിഷ്ഠിത പ്രൊപ്പൽഷൻ സംവിധാനം ഘടിപ്പിക്കും.

കൂടാതെ, കപ്പലിൽ അത്യാധുനിക ആയുധശേഖരം സജ്ജീകരിച്ച് പോരാട്ടശേഷി വർധിപ്പിക്കും. ഇതിലൂടെ കപ്പലിന്റെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ചെറുകിട വ്യവസായങ്ങൾക്കും തൊഴിലവസരങ്ങൾക്കും നേട്ടം

കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ച കരാർ രാജ്യത്തെ കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി മേഖലകൾക്കും ഗുണകരമാകും.

 നാവികസേനാ കപ്പലുകളുടെ സങ്കീർണമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ നവീകരിക്കുന്നതിലും പരിപാലിക്കുന്നതിലും ഇന്ത്യയുടെ തദ്ദേശീയ ശേഷി ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

നവീകരണ പ്രവർത്തനങ്ങളിൽ അമ്പതിലേറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തും.

 ഇതിലൂടെ അനുബന്ധ വ്യവസായ മേഖലകൾക്ക് നേട്ടമുണ്ടാകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കും കരാർ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.

അപകടങ്ങൾക്കുശേഷം വീണ്ടും സേവനരംഗത്ത്

2004 ജൂലൈയിൽ കമ്മിഷൻ ചെയ്ത ഐഎൻഎസ് ബെത്വയ്ക്ക് 3,850 ടൺ ഭാരമുണ്ട്. നിരവധി രക്ഷാപ്രവർത്തനങ്ങളിലും കപ്പൽ പങ്കാളിയായിട്ടുണ്ട്. മുൻകാലങ്ങളിൽ രണ്ട് വലിയ അപകടങ്ങളും കപ്പലിനെ ബാധിച്ചിരുന്നു.

2014 ജനുവരി നാലിന് കടലിനടിയിലെ അജ്ഞാത വസ്തുവിൽ കപ്പൽ ഇടിച്ചതിനെ തുടർന്ന് സോണാർ ഡോം സംവിധാനത്തിന് തകരാറുണ്ടായി. 

സുപ്രധാന ഉപകരണങ്ങളിൽ കടൽവെള്ളം കയറുകയും ചെയ്തു.

2016 ഡിസംബർ അഞ്ചിന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽനിന്ന് ഇറക്കുന്നതിനിടെ ഡോക്ക് ബ്ലോക്കുകളിൽനിന്ന് തെന്നിയ കപ്പൽ തുറമുഖത്ത് ഇടിച്ചു. 

അപകടത്തിൽ രണ്ടുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പലിനും സാരമായ കേടുപാടുകൾ സംഭവിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം 2021ൽ കപ്പൽ വീണ്ടും സേവനം ആരംഭിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡിന് കൂടുതൽ നാവികസേനാ ഓർഡറുകൾ

ഐഎൻഎസ് ബെത്വയുടെ നവീകരണ കരാറിന് പുറമെ ഇന്ത്യൻ നാവികസേനയ്ക്കായി നിരവധി പദ്ധതികളും കൊച്ചിൻ ഷിപ്പ്‌യാർഡ് ഏറ്റെടുത്തിട്ടുണ്ട്.

ആറ് പുതുതലമുറ മിസൈൽവേധ കപ്പലുകൾ നിർമ്മിക്കുന്നതിന് 9,805 കോടി രൂപയുടെ കരാർ ലഭിച്ചിട്ടുണ്ട്. 

ഇതിലെ ആദ്യ കപ്പൽ 2027 മാർച്ചിൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്. മുങ്ങിക്കപ്പലുകളെ സഹായിക്കുന്ന എട്ട് കപ്പലുകളുടെ നിർമ്മാണവും ഷിപ്പ്‌യാർഡിന്റെ പ്രധാന പദ്ധതികളിലുണ്ട്.

English Summary:

Cochin Shipyard Limited has secured a ₹498.58 crore contract from the Ministry of Defence to repair and upgrade the Indian Navy’s warship INS Betwa. The project includes replacing its steam-based propulsion system with a modern diesel-based system and enhancing its combat capabilities. The contract is also expected to benefit more than 50 MSMEs and support employment in India’s shipbuilding and defence sectors.

Share This Article