കോഴിക്കോട്: പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ധനമന്ത്രി തുടങ്ങിയ പ്രമുഖരുടെ പേരിൽ വ്യാജ വീഡിയോകൾ നിർമിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു.
പ്രമുഖ ടെലിവിഷൻ ചാനലുകളുടെ പേരും ലോഗോയും ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക് 49.2 ലക്ഷം രൂപ നഷ്ടമായതോടെയാണ് ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി വീണ്ടും ശ്രദ്ധയിൽപ്പെട്ടത്.
വ്യാജ AI വീഡിയോകളിൽ വൻ നിക്ഷേപ വാഗ്ദാനങ്ങൾ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിക്ഷേപ പദ്ധതി വിശദീകരിക്കുന്നതെന്ന തരത്തിലുള്ള വ്യാജ വീഡിയോ ഉപയോഗിച്ചാണ് വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്. നിശ്ചിത തുക നിക്ഷേപിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖരുടെയും പേരിൽ പ്രചരിക്കുന്ന വീഡിയോകളിൽ 21,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 150 കോടി രൂപ വരെ നേടാമെന്നും അവകാശപ്പെടുന്നു. കേന്ദ്രസർക്കാർ 100 മില്യൺ ഡോളറിലധികം നിക്ഷേപിച്ച പദ്ധതിയാണിതെന്നും വീഡിയോകളിൽ പ്രചരിപ്പിക്കുന്നു.
മുഖഭാവങ്ങളും ശരീരചലനങ്ങളും യഥാർഥ വ്യക്തികളുടേതിന് സമാനമായി പകർത്തിയ വീഡിയോകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുകേഷ് അംബാനി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരിലും സമാനമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
സോഷ്യൽ മീഡിയ വഴി തട്ടിപ്പിലേക്ക് വലവീശുന്നു
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ മാതൃകയിൽ നിർമിച്ച വ്യാജ വെബ്സൈറ്റുകളിലെത്തും.
ഇവിടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ തട്ടിപ്പ് സംഘം ഫോണിൽ ബന്ധപ്പെടുകയും പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ആദ്യഘട്ടത്തിൽ ചെറിയ നിക്ഷേപങ്ങൾക്ക് പ്രതിഫലമോ ലാഭമോ നൽകി വിശ്വാസം നേടും. പിന്നീട് കൂടുതൽ പണം നിക്ഷേപിപ്പിച്ച ശേഷം വൻതുക തട്ടിയെടുക്കുന്നതാണ് രീതി.
കുറ്റവാളികളെ കണ്ടെത്തുക വെല്ലുവിളി
വ്യാജ വീഡിയോകളുടെ ഉറവിടം വിദേശത്തായതിനാൽ യഥാർഥ കുറ്റവാളികളിലേക്ക് എത്തുന്നത് അന്വേഷണസംഘങ്ങൾക്ക് വെല്ലുവിളിയാണ്. വീഡിയോകൾ നിർമിക്കുന്നവരും പണം തട്ടുന്നവരും ഒരേ സംഘത്തിലായിരിക്കണമെന്നില്ല. പല തലങ്ങളിലായാണ് തട്ടിപ്പ് പ്രവർത്തിക്കുന്നത്.
തട്ടിയെടുത്ത പണം കൈമാറുന്നത് കൂലിപ്പണിക്കാരുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ്. അക്കൗണ്ട് ഉടമകൾക്ക് പണത്തിന്റെ യഥാർഥ ഉറവിടത്തെക്കുറിച്ചോ തട്ടിപ്പിന് പിന്നിലുള്ളവരെക്കുറിച്ചോ അറിവുണ്ടാകണമെന്നില്ല.
അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ വാങ്ങുന്ന പ്രവണതയും സംസ്ഥാനത്ത് വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ നിരവധി പേർ പിടിയിലായിട്ടുണ്ട്.
വീട്ടമ്മയ്ക്കും കർഷകനും നഷ്ടമായത് 98.30 ലക്ഷം
കോഴിക്കോട് ജില്ലയിൽ രണ്ട് വ്യത്യസ്ത നിക്ഷേപ തട്ടിപ്പുകളിലായി വീട്ടമ്മയ്ക്കും കർഷകനും നഷ്ടമായത് 98.30 ലക്ഷം രൂപയാണ്.
കോടഞ്ചേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ലിങ്ക് വഴിയാണ് 49.2 ലക്ഷം രൂപ നഷ്ടമായത്. രണ്ട് മാസത്തിനിടെയായിരുന്നു പണം നഷ്ടപ്പെട്ടത്.
വിദേശത്തുനിന്ന് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവമ്പാടി സ്വദേശിയായ കർഷകനിൽനിന്ന് 49.10 ലക്ഷം രൂപ തട്ടിയെടുത്തത്. വാഗ്ദാനം ചെയ്ത ലാഭമോ പ്രതിഫലമോ ലഭിക്കാതായതോടെയാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.
റൂറൽ സൈബർ ക്രൈം പൊലീസും തിരുവമ്പാടി പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനുപുറമെ, ബാലുശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് ഉണ്ണികുളം സ്വദേശിനിയായ യുവതിയിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി ഉയർന്നിട്ടുണ്ട്.
സൈബർ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പരിചയമില്ലാത്തവരിൽനിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ലാഭം ലഭിക്കുമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.
- പ്രമുഖരുടെ മുഖവും ശബ്ദവും ഉപയോഗിച്ചുള്ള വീഡിയോകൾ മാത്രം കണ്ട് നിക്ഷേപ തീരുമാനമെടുക്കരുത്.
- ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും അപരിചിത വെബ്സൈറ്റുകളിൽ നൽകരുത്.
- തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കുകയും പരാതി നൽകുകയും വേണം.
English Summary:
Fraudsters are using fake AI-generated videos featuring prominent leaders and celebrities to promote fraudulent investment schemes. In Kozhikode, a woman from Kodenchery lost ₹49.2 lakh, while a farmer from Thiruvambady lost ₹49.10 lakh in separate scams. Police have launched an investigation into the cases. People are advised to avoid suspicious links and report cyber fraud immediately through helpline 1930.
