facebook

സമരവേദിയിലേക്ക് മടങ്ങിയെത്തി വളർമതി; നിരാഹാരം തുടരും

2 Min Read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിലേക്ക് മടങ്ങിയെത്തിയ വളർമതി നിരാഹാരസമരം തുടരുമെന്ന് പ്രഖ്യാപിച്ചു. 

പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലെത്തിച്ചെന്നും അവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നും വളർമതി ആരോപിച്ചു. 

സമരക്കാരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി.

എൽപിഎസ്‌ടി സമരം: ഐസിയുവിൽ പ്രവേശിപ്പിച്ചതിനെതിരെ ആരോപണം

ആരോഗ്യനില തൃപ്തികരമായിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നാണ് വളർമതിയുടെ ആരോപണം.

 ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലായിരുന്നുവെന്നും അവർ പറഞ്ഞു.

രാത്രി 9.30ന് ബലം പ്രയോഗിച്ചാണ് തന്നെ സമരവേദിയിൽനിന്ന് മാറ്റിയതെന്നും പിറ്റേന്ന് രാവിലെ 7.30 വരെ ചികിത്സ നൽകിയില്ലെന്നും വളർമതി ആരോപിച്ചു.

 പൂർണ ബോധത്തോടെയാണ് സംസാരിച്ചിരുന്നതെന്നും തളർന്നുകിടക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി

സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് വളർമതിയുടെ വിമർശനം. 

പറഞ്ഞുപറ്റിക്കുന്ന സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.

സമരം സർക്കാരിന് അനാവശ്യമായി തോന്നുന്നത് ഭരണം അവരുടെ കൈകളിലായതിനാലാണെന്നും വളർമതി ആരോപിച്ചു. 

സമരക്കാരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാനാകില്ലെന്നും അവർ പറഞ്ഞു.

എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് പൊലീസ്

സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാർ സ്ഥാപിച്ചിരുന്ന സമരപ്പന്തൽ ഇന്നലെ രാത്രി 9.30ഓടെയാണ് പൊലീസ് പൊളിച്ചുനീക്കിയത്. പന്തൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രണ്ടുതവണ പൊലീസ് നോട്ടീസ് നൽകിയിരുന്നു.

തുടർന്ന് വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പന്തൽ പൊളിക്കുകയായിരുന്നു. നടപടി തടയാൻ ശ്രമിച്ച ഉദ്യോഗാർത്ഥികളെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി.

സമരം തുടരാൻ റാങ്ക് ഹോൾഡർമാർ

പൊലീസ് നടപടിക്കിടെ പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിരുന്ന ബോർഡും പൊലീസ് നീക്കം ചെയ്തു.

അതേസമയം, സമരം തുടരാനാണ് റാങ്ക് ഹോൾഡർമാരുടെ തീരുമാനം. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ കാസർകോട് സ്വദേശിയായ ജയകൃഷ്ണൻ സമരവേദിയിലെത്തി നിരാഹാരസമരം ആരംഭിച്ചിരുന്നു.

English Summary:

Valarmathi returned to the LPST rank holders’ protest venue in front of the Kerala Secretariat and announced that she would continue her hunger strike. She alleged that police forcibly took her to hospital and that she received no treatment despite being admitted to the ICU. The police had dismantled the protest tent the previous night, leading to clashes during the eviction. Rank holders said the protest would continue, with Jayakrishnan from Kasaragod taking over the hunger strike.

Share This Article