മലപ്പുറം: ആൺസുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയെന്ന കേസിൽ 19കാരിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ.
പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് യുവതിയുടെ നിർദേശപ്രകാരം സുഹൃത്തുക്കൾ ആക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
പട്ടാമ്പി പനങ്ങാട് സ്വദേശിനിയായ സഫാനയെയും മറ്റ് നാലുപേരെയുമാണ് പോലീസ് പിടികൂടിയത്.
കാമുകിയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി
കാമുകിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം തിരൂരിലെത്തിയ യുവാവിനെ സഫാനയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ കാറിൽ കയറ്റിയത്.
തുടർന്ന് അർധരാത്രിയോടെ വാഹനത്തിനുള്ളിൽവെച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിനുശേഷം യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രതികൾ കൈക്കലാക്കി.
പിന്നീട് പുഴയോരത്തോട് ചേർന്നുള്ള വിജനമായ സ്ഥലത്ത് യുവാവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ആക്രമണത്തിന് പിന്നിൽ യുവതിയുടെ നിർദേശമെന്ന് പോലീസ്
ആൺസുഹൃത്തിനെ ബോധപൂർവം ഒഴിവാക്കുന്നതിനായി സഫാന സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതിയുടെ നിർദേശപ്രകാരമാണ് സുഹൃത്തുക്കൾ യുവാവിനെ ആക്രമിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
നാലു സുഹൃത്തുക്കളും അറസ്റ്റിൽ
തിരൂർ നോർത്ത് അന്നാറ സ്വദേശികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
ഇർഷാദും അസ്റുദീനും നേരത്തെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചവരാണെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായ അഞ്ചുപേരെയും തിരൂർ കോടതി റിമാൻഡ് ചെയ്തു.
English Summary:
A 19-year-old woman and four of her friends have been arrested in Malappuram for allegedly arranging an attack on her male companion to end their relationship. The man was reportedly lured into a car in Tirur, assaulted, and abandoned near a riverside after his belongings were taken. A court remanded all five accused.
