ഇന്ത്യയിലെ പ്രശസ്ത ഗായികമാരിൽ ഒരാളായ ശ്രേയ ഘോഷാൽ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള താരം തന്റെ സംഗീതത്തിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ശ്രേയയുടെ സംഗീതം പോലെ തന്നെ ഊഷ്മളതയും ലാളിത്യവും നിറഞ്ഞ മുംബൈയിലെ വീടിന്റെ അകത്തളങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫറാ ഖാന്റെ പരിപാടിയിലൂടെ വീടിന്റെ വിശേഷങ്ങൾ
‘ഫുഡ് വിത്ത് ഫറാ’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് ശ്രേയ ഘോഷാൽ തന്റെ വീട്ടിലേക്ക് ഫറാ ഖാനെയും ഷെഫ് ദിലീപിനെയും ക്ഷണിച്ചത്. പരിപാടിയിലൂടെ താരത്തിന്റെ വീടിന്റെ വിവിധ ഭാഗങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളും പ്രേക്ഷകർക്ക് കാണാനായി.
മരം കൊണ്ടുള്ള ഫിനിഷിംഗാണ് വീടിന്റെ പ്രവേശനഭാഗത്തിന്റെ പ്രധാന ആകർഷണം. പ്രധാന വാതിലിന് സമീപം ഏതാനും കാബിനറ്റുകളും ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കടക്കുമ്പോൾ ക്രീം നിറത്തിലുള്ള ചുവരുകളും മഞ്ഞനിറത്തിലുള്ള മൃദുവായ വെളിച്ചവും വീടിന് ശാന്തമായ അന്തരീക്ഷം നൽകുന്നു.
ഡൈനിംഗ് ഏരിയയിൽ പിയാനോയും
ഡൈനിംഗ് ഏരിയയും ലിവിംഗ് റൂമും വേർതിരിക്കാത്ത ഓപ്പൺ ഫ്ലോർ പ്ലാനാണ് വീട്ടിൽ പിന്തുടർന്നിരിക്കുന്നത്. തടികൊണ്ടുള്ള ഡൈനിംഗ് ടേബിളിന് സമീപത്തായി ശ്രേയയുടെ പിയാനോയും കാണാം. സംഗീത പരിശീലനത്തിനായി താരം ഉപയോഗിക്കുന്ന പിയാനോ വീടിന്റെ അകത്തളത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്.
ലിവിംഗ് റൂമിലെ ഇരിപ്പിടങ്ങൾ ടെലിവിഷന് അഭിമുഖമായല്ല ക്രമീകരിച്ചിരിക്കുന്നത്. പകരം, ബാൽക്കണിയിൽ നിന്നുള്ള നഗരക്കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്.
നഗരക്കാഴ്ചകളുമായി മനോഹരമായ ബാൽക്കണി
ചെടികൾ കൊണ്ട് അലങ്കരിച്ച ബാൽക്കണിയാണ് വീടിന്റെ മറ്റൊരു ആകർഷണം. ഇവിടെ പരസ്പരം അഭിമുഖമായി രണ്ട് തടിക്കസേരകളും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതിഥിമുറി സംഗീത പരിശീലനത്തിനും
അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന മുറി സംഗീത പരിശീലനത്തിനും ശ്രേയ ഉപയോഗിക്കുന്നു. സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ചുവരിൽ മടക്കിവയ്ക്കാവുന്ന കിടക്കയാണ് സ്ഥാപിച്ചിരിക്കുന്നത്.
അതിഥികൾ എത്തുമ്പോൾ കിടക്ക നിവർത്താം. അല്ലാത്ത സമയങ്ങളിൽ മടക്കിവച്ച് മുറി കൂടുതൽ വിശാലമാക്കാനും സാധിക്കും. പരിമിതമായ സ്ഥലത്ത് ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്ന ഈ ക്രമീകരണം ശ്രദ്ധേയമാണ്.
അടുക്കളയിൽ കറുപ്പും വെള്ളയും
കറുത്ത കൗണ്ടർടോപ്പും വെള്ള നിറത്തിലുള്ള കാബിനറ്റുകളുമാണ് അടുക്കളയുടെ പ്രധാന പ്രത്യേകത. കൗണ്ടറിന് പിന്നിലെ ഭിത്തിയിൽ പ്രിന്റഡ് ടൈലുകൾ സ്ഥാപിച്ചതിലൂടെ അടുക്കളയ്ക്ക് കൂടുതൽ നിറപ്പകിട്ടും ഭംഗിയും നൽകിയിട്ടുണ്ട്.
സംഗീതത്തോടുള്ള ഇഷ്ടവും ലാളിത്യത്തോടെയുള്ള ജീവിതശൈലിയും വീടിന്റെ ഓരോ ഭാഗത്തും പ്രകടമാണ്. ആഡംബരത്തേക്കാൾ സൗകര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും പ്രാധാന്യം നൽകുന്ന ശ്രേയ ഘോഷാലിന്റെ മുംബൈയിലെ വീട് അതുകൊണ്ടുതന്നെ ശ്രദ്ധേയമാകുന്നു.
English Summary:
Singer Shreya Ghoshal recently welcomed Farah Khan and chef Dilip to her Mumbai home on the show ‘Food with Farah’. The house features warm wooden finishes, an open-plan living and dining area, a piano, a balcony with plants and city views, a multipurpose guest room, and a stylish black-and-white kitchen.
