ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിലെത്തി നടൻ മമ്മൂട്ടി. ഗോപാലകൃഷ്ണന്റെ മകൾ അനഘയുടെ വിവാഹത്തിന് എത്താനാകാതിരുന്നതിനെ തുടർന്നാണ് മമ്മൂട്ടി വീട്ടിലെത്തി നവദമ്പതികളായ അനഘയ്ക്കും അൻജിത്തിനും ആശംസകൾ നേർന്നത്.
ഏകദേശം ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.നവംബർ ഒന്നിനായിരുന്നു ഗുരുവായൂരിൽ അനഘയുടെയും അൻജിത്തിന്റെയും വിവാഹം.
വിവാഹത്തിന് എത്തുമെന്ന് മമ്മൂട്ടി ഉറപ്പുനൽകിയിരുന്നു. എന്നാൽ എറണാകുളത്തുനിന്ന് വിവാഹച്ചടങ്ങിനായി പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിലെ ഗതാഗതക്കുരുക്ക് കാരണം യാത്ര തുടരാനാകാതെ മടങ്ങേണ്ടിവന്നു.
തൃശൂരിലെ വീട്ടിലെത്തി
വിവാഹത്തിന് പിന്നാലെയാണ് മറ്റൊരു ദിവസം നവദമ്പതികളെ നേരിൽ കാണാൻ മമ്മൂട്ടി എത്തിയത്. തൃശൂരിലെ ചേറൂരിലുള്ള ബി. ഗോപാലകൃഷ്ണന്റെ വീട്ടിൽ വൈകിട്ട് 5.25നാണ് മമ്മൂട്ടി എത്തിയത്. 6.20ന് താരം മടങ്ങി.
നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ താരം കാപ്പിയും മധുരക്കിഴങ്ങും കഴിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കൊപ്പമുള്ള ദൃശ്യങ്ങൾ ബി. ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ബി. ഗോപാലകൃഷ്ണന്റെ കുറിപ്പ്
മമ്മൂട്ടിയുടെ സന്ദർശനത്തെക്കുറിച്ച് ബി. ഗോപാലകൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചു. മകൾക്ക് വിവാഹാശംസകൾ നേരാൻ മമ്മൂട്ടി വീട്ടിലെത്തിയതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
“ഒരു കപ്പ് ചായ കുറച്ച് വിശേഷങ്ങൾ… ഒപ്പം മലയാളത്തിന്റെ മഹാനടൻ മമ്മൂക്ക!” എന്ന് തുടങ്ങുന്ന കുറിപ്പിൽ, മമ്മൂട്ടിക്കൊപ്പമുള്ള ഈ സന്തോഷകരമായ നിമിഷങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കുമെന്നും ഗോപാലകൃഷ്ണൻ കുറിച്ചു.
English Summary : Actor Mammootty visited the Thrissur residence of BJP state vice-president B. Gopalakrishnan and congratulated his daughter Anagha and her husband Anjith. Mammootty could not attend their wedding in Guruvayur on November 1 due to traffic congestion at Aluva Bridge. He spent about an hour at the residence and later left with producer Anto Joseph.
