പാലക്കാട്: മുതലമടയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ പാർട്ടി നടപടി. ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ സിപിഎം ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തു. പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും സംഭവം ചോദ്യം ചെയ്ത പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായെന്ന പരാതിയും വിവാദമായതോടെയാണ് നടപടി.
മുതലമട സിപിഎം നടപടി: ലോക്കൽ സെക്രട്ടറിയടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ
ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിനുള്ളിൽ ഇരുന്ന് നേതാക്കളും പ്രവർത്തകരും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ. സിയാവുദ്ദീൻ, ലോക്കൽ കമ്മിറ്റി അംഗം കെ. വിനേഷ് എന്നിവരുൾപ്പെടെയുള്ള പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തു.
തുടർന്നാണ് പാർട്ടി ഓഫീസിനുള്ളിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായതെന്നാണ് റിപ്പോർട്ട്.
മദ്യപാനത്തെ ചോദ്യം ചെയ്തവർക്ക് നേരെ കയ്യേറ്റമെന്ന് പരാതി
മദ്യപാനത്തെ ചോദ്യം ചെയ്ത പ്രവർത്തകരുമായി ലോക്കൽ സെക്രട്ടറി ബ്രിജേഷ് വാക്കേറ്റത്തിലേർപ്പെട്ടെന്നും അവരെ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുകയും ഉന്തിത്തള്ളുകയും ചെയ്തെന്നുമാണ് പരാതി.
തുടർന്ന് പ്രവർത്തകർ മദ്യപാനത്തിന്റെയും അതിനുശേഷമുണ്ടായ വാക്കേറ്റത്തിന്റെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകി.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ വിവാദം
മദ്യപാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം സിപിഎമ്മിനുള്ളിൽ വലിയ വിവാദമായി. പാർട്ടി ഓഫീസിനുള്ളിൽ നടന്ന സംഭവവും അതിനെ ചോദ്യം ചെയ്ത പ്രവർത്തകരോടുള്ള സമീപനവും നേതൃത്വത്തിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
തുടർന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. ചെന്താമരാക്ഷൻ വിഷയത്തിൽ ഇടപെട്ടു. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, സൂര്യപ്രകാശ്, റഷീദ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചത്.
English Summary: The CPM’s Palakkad district leadership has suspended three members, including Muthalamada One Local Committee secretary Brijesh, following allegations of drinking inside the party office. Videos of the incident circulated on social media. Party workers who questioned the alleged drinking also complained of being assaulted. The suspended members are Brijesh, Suryaprakash and Rasheed.
