തിരുവനന്തപുരം: കെ.സി.എൽ മൂന്നാം സീസണിൽ ഇടുക്കിയുടെ അഞ്ച് താരങ്ങൾ മൈതാനത്തിറങ്ങും. അനുഭവസമ്പന്നരായ സച്ചിൻ ബേബിയും അഖിൽ സ്കറിയയും മുതൽ ആത്മവിശ്വാസത്തിന്റെ പ്രതീകമായ അനീഷ് രാജൻ വരെ ഇത്തവണ ലീഗിൽ ശ്രദ്ധാകേന്ദ്രമാകും.
ജോബിൻ ജോബിയും ആനന്ദ് ജോസഫുമാണ് ഇടുക്കിയിൽ നിന്നുള്ള മറ്റ് താരങ്ങൾ. അതേസമയം, വ്യത്യസ്ത കഴിവുകളുള്ള ഈ താരനിര കെ.സി.എല്ലിൽ ജില്ലയുടെ ക്രിക്കറ്റ് പെരുമ ഉയർത്താനുള്ള പ്രതീക്ഷയിലാണ്.
കെ.സി.എൽ മൂന്നാം സീസണിൽ അനീഷ് രാജനും
ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന അനീഷ് രാജൻ ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പമാണ് കളിക്കുക. 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് അനീഷിനെ ലേലത്തിൽ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് അനീഷായിരുന്നു. ടൂർണമെന്റിൽ 11 വിക്കറ്റും താരം നേടി.
സച്ചിൻ ബേബിക്ക് പുതിയ ടീമിൽ പുതിയ ദൗത്യം
ആദ്യ രണ്ട് സീസണുകളിലും ഏരീസ് കൊല്ലം സെയിലേഴ്സിനെ നയിച്ച സച്ചിൻ ബേബി ഇത്തവണ ആലപ്പി റിപ്പിൾസിനായാണ് കളിക്കുക. 10 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ ആലപ്പി റിപ്പിൾസ് സച്ചിനെ സ്വന്തമാക്കിയത്.
ആദ്യ സീസണിൽ 528 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമതെത്തിയ സച്ചിൻ ഫൈനലിലടക്കം രണ്ട് സെഞ്ചുറികളും നേടിയിരുന്നു. കഴിഞ്ഞ സീസണിലും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ച താരത്തിന്റെ സാന്നിധ്യം ആലപ്പി റിപ്പിൾസിന് കരുത്താകും.
അഖിൽ സ്കറിയയുടെ ഓൾറൗണ്ട് മികവിൽ പ്രതീക്ഷ
കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായ അഖിൽ സ്കറിയയെ 3.75 ലക്ഷം രൂപയ്ക്കാണ് ഗ്ലോബ്സ്റ്റാർസ് ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ 25 വിക്കറ്റുമായി ബൗളിങ് പട്ടികയിൽ ഒന്നാമതെത്തിയ അഖിൽ 314 റൺസും നേടി.
ആദ്യ സീസണിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു അഖിൽ. ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമിഫൈനലിലും പുറത്തായ ഗ്ലോബ്സ്റ്റാർസ് കന്നിക്കിരീടം ലക്ഷ്യമിടുമ്പോൾ അഖിലിന്റെ ഓൾറൗണ്ട് മികവിലാണ് പ്രധാന പ്രതീക്ഷ.
കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം ജോബിൻ ജോബിയും
കേരള ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരമായ ജോബിൻ ജോബി ഇത്തവണയും കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പമാണ്. ആദ്യ സീസണിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ രണ്ടാം സീസണിൽ ബൗളിങ്ങിലും മികവ് തെളിയിച്ച് ജോബിൻ മികച്ച ഓൾറൗണ്ടറായി വളർന്നു.
അണ്ടർ-19 കുച്ച് ബെഹാർ ട്രോഫിയിൽ സെഞ്ചുറി നേടിയ പരിചയസമ്പത്തുമായാണ് ജോബിൻ കെ.സി.എൽ മൂന്നാം സീസണിലേക്ക് എത്തുന്നത്.
ആനന്ദ് ജോസഫിനും കെ.സി.എല്ലിൽ അവസരം
ഇടുക്കിയിൽ നിന്നുള്ള മറ്റൊരു ഓൾറൗണ്ടറായ ആനന്ദ് ജോസഫിനെ 1.05 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ലേലത്തിൽ സ്വന്തമാക്കി.
ഇതോടെ ഇടുക്കിയിൽ നിന്നുള്ള അഞ്ച് താരങ്ങൾക്കും കെ.സി.എൽ മൂന്നാം സീസണിൽ മികവ് തെളിയിക്കാൻ അവസരം ലഭിക്കും. ജില്ലയിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് ദേശീയ ശ്രദ്ധ നേടാനുള്ള വേദിയായും ഇത്തവണത്തെ ലീഗ് മാറുമെന്നാണ് പ്രതീക്ഷ.
