facebook

മുല്ലപ്പെരിയാറിൽ കടുത്ത നിലപാടുമായി വിജയ് സർക്കാർ! കേരളത്തിന്റെ പുതിയ അണക്കെട്ട് നീക്കങ്ങളെ ശക്തമായി എതിർക്കും; ആദ്യ നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട്

1 Min Read

ചെന്നൈ ∙ തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് അനുമതി നൽകില്ലെന്നും അത്തരം ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി.

തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാൽ അത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന നിലപാടും പ്രസംഗത്തിൽ ആവർത്തിച്ചു.

നയപ്രഖ്യാപനത്തിന് മുന്നോടിയായി തമിഴ് തായ് വാഴ്ത്ത് ആലപിക്കുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു. വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.

ടിവികെ ജാതി, മതം, സാമ്പത്തിക വ്യത്യാസങ്ങൾ എന്നിവയ്ക്കതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ഗവർണർ പറഞ്ഞു. സാമൂഹിക പരിഷ്കർത്താക്കളായ പെരിയാർ, സി.എൻ. അണ്ണാദുരൈ, ബി.ആർ. അംബേദ്കർ എന്നിവരെയും അദ്ദേഹം പരാമർശിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ ഗവർണർ, മുൻ സർക്കാരിന്റെ കാലത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൽ വീഴ്ചയുണ്ടായെന്നും അതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായതെന്നും ആരോപിച്ചു.

കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളും പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നു. സംസ്ഥാനത്ത് ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും ഗവർണർ വ്യക്തമാക്കി.

English Summary:
In its first policy address after assuming power, the Vijay-led TVK government in Tamil Nadu adopted a strong stance against Kerala on the Mullaperiyar issue. The government said it would oppose any move by Kerala to construct a new dam. Governor Rajendra Vishwanath Arlekar also stated that Tamil Nadu would continue with the two-language policy and oppose the National Education Policy.


Share This Article