കോഴിക്കോട്ട് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; ഫറോക്ക് സ്വദേശി ഐസൊലേഷൻ വാർഡി; കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണങ്ങൾ

2 Min Read

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയും കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. ഫറോക്ക് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ തിരിച്ചറിഞ്ഞ ഉടൻ തന്നെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

നിപ്പ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന സാവിത്രി ദേവി സാബു (എസ്.ഡി.എസ്) ബ്ലോക്കിൻ്റെ പരിസര പ്രദേശങ്ങളിൽ പൂർണ്ണമായ സുരക്ഷാ നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനും മറ്റ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

പ്രത്യേക വാർഡിൻ്റെ പരിസരങ്ങളിൽ ഇതിനകം തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ച് ആളുകൾ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള പ്രധാന പ്രവേശന വഴി ഇപ്പോൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഈ ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചതിനാൽ ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മറ്റ് ബദൽ വഴികൾ മാത്രമേ യാത്രയ്ക്കായി ഉപയോഗിക്കാവൂ എന്ന് നിർദ്ദേശമുണ്ട്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികളും മെഡിക്കൽ കോളേജിൻ്റെ പ്രധാന ഗേറ്റ് വഴി മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളൂ. രോഗപ്രതിരോധത്തിൻ്റെയും സുരക്ഷയുടെയും ഭാഗമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അഭ്യർത്ഥിച്ചു.

നിപ്പ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന മേഖലയിലേക്ക് യാതൊരു കാരണവശാലും അനാവശ്യമായി ആരും പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ സാവിത്രി ദേവി സാബു ബ്ലോക്കിൻ്റെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇപ്പോൾ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പേ വാർഡ് മേഖലയിലും പരിസരങ്ങളിലും രോഗനിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുള്ളതിനാൽ ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഈ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ ബാധ്യസ്ഥരാണ്.

English Summary

A 43-year-old native of Feroke has tested positive for the Nipah virus at Kozhikode Medical College. He was moved to the isolation ward at midnight. Strict restrictions, including barricades and a parking ban, have been imposed around the Savithri Devi Sabu block to prevent the spread of infection.

Share This Article