​കെ.എൽ. 69 ഡി 2772 ജോർജുകുട്ടിയുടേതല്ല, എന്റെ സ്‌കോർപിയോയുടേതാണ്! ആന്റണി പെരുമ്പാവൂരും മോഹൻലാലും കുടുങ്ങുമോ? ദൃശ്യം 3 പ്രദർശനം തടയണമെന്ന്

1 Min Read

തൊടുപുഴ: മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 3’ സിനിമയിൽ അനുവാദമില്ലാതെ തന്റെ വാഹന നമ്പർ ഉപയോഗിച്ചെന്ന പരാതിയുമായി വാഹന ഉടമ രംഗത്ത്. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയും ഏലം കർഷകനുമായ ആർ.ഡി. രാജീവാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ്, നടൻ മോഹൻലാൽ എന്നിവർക്കെതിരെ മൂന്നാർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.

സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്ന എം.ജി. ഹെക്ടർ കാറിന് നൽകിയിരിക്കുന്ന കെ.എൽ. 69 ഡി 2772 എന്ന രജിസ്ട്രേഷൻ നമ്പർ തന്റെ മഹീന്ദ്ര സ്‌കോർപിയോ വാഹനത്തിന്റേതാണെന്നാണ് രാജീവ് പരാതിയിൽ പറയുന്നത്. സിനിമയുടെ പ്രചാരണത്തിനും ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്കും പിന്നാലെ തന്റെ വാഹന നമ്പർ വ്യാജമാണെന്ന തരത്തിൽ നാട്ടുകാർ ആരോപണം ഉന്നയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ തുടർന്ന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നിരീക്ഷണത്തിലാണ് താനെന്ന തോന്നൽ ഉണ്ടായതായും ഇത് മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

സിനിമയിൽ തന്റെ വാഹന നമ്പർ ഉപയോഗിച്ചിരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഉണ്ടായ മാനഹാനിക്കും മാനസിക പ്രയാസങ്ങൾക്കും ബന്ധപ്പെട്ടവർ പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മൂന്നാർ ഡിവൈ.എസ്.പി ചന്ദ്രകുമാർ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച ശേഷം എതിർകക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:
A cardamom farmer from Kunjithanni in Idukki has filed a complaint alleging that the registration number of his Mahindra Scorpio was used without permission in the upcoming film Drishyam 3. The complaint names actor Mohanlal, director Jeethu Joseph, and producer Antony Perumbavoor. Police have initiated a preliminary inquiry into the matter.

Share This Article