ഇടുക്കി: തെക്കൻ പശ്ചിമഘട്ടത്തിന്റെ അപൂർവ ജൈവവൈവിധ്യത്തെ വീണ്ടും അടിവരയിടുന്ന കണ്ടെത്തലുമായി മൂന്നാർ വന്യജീവി ഡിവിഷൻ. അടുത്തിടെ നടത്തിയ ജന്തുജാല സർവേയിൽ 11 പുതിയ ജീവിവർഗങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മേഖലയിലെ ജൈവസമ്പത്തിന് കൂടുതൽ ശാസ്ത്രീയ അംഗീകാരം ലഭിച്ചു.
സർവേയിൽ ഒരു പക്ഷിയും മൂന്ന് ചിത്രശലഭങ്ങളും ഏഴ് തുമ്പികളുമാണ് പുതുതായി കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എൻഡെമിക് ജീവിവർഗങ്ങളും പ്രത്യേക ആവാസവ്യവസ്ഥകളെ ആശ്രയിക്കുന്ന ജീവികളും ഈ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.
പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭങ്ങളിൽ ഓക്കിലച്ചെമ്പൻ, കുഞ്ഞിവരയൻ കോമാളി, ഓർക്കിഡ് നീലി എന്നിവ ഉൾപ്പെടുന്നു. ഇതോടെ മൂന്നാർ വന്യജീവി ഡിവിഷനിൽ രേഖപ്പെടുത്തിയ ചിത്രശലഭങ്ങളുടെ ആകെ എണ്ണം 260 ആയി ഉയർന്നു.
തുമ്പികളിൽ ഏഴ് പുതിയ ഇനങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. പശ്ചിമഘട്ട എൻഡെമിക്കുകളായ പാറമുത്തൻ കടുവ, നീലഗിരി നഖവാലൻ, ആനമല നിഴൽത്തുമ്പി എന്നിവയ്ക്കൊപ്പം നീല നീർത്തോഴൻ, മഞ്ഞപെരുംകണ്ണൻ, കനൽവാലൻ ചതുപ്പൻ, എണ്ണക്കറുപ്പൻ എന്നീ ഇനങ്ങളും ആദ്യമായി രേഖപ്പെടുത്തി. ഇതോടെ മേഖലയിലെ തുമ്പികളുടെ ആകെ എണ്ണം 82 ആയി.
പക്ഷികളിൽ ഉയർന്ന മലനിരകളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കോമൺ സ്വിഫ്റ്റ് ആദ്യമായി രേഖപ്പെടുത്തിയതോടെ വന്യജീവി ഡിവിഷനിലെ ആകെ പക്ഷിവർഗങ്ങളുടെ എണ്ണം 263 ആയി വർധിച്ചു.
കേരള വന്യജീവി വകുപ്പിന്റെ മൂന്നാർ വന്യജീവി ഡിവിഷനും തിരുവനന്തപുരം ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സർവേ നടത്തിയത്. വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ.വിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തു.
പുതിയ 11 ജന്തുജാല രേഖകൾ ലഭിച്ചതിലൂടെ സംരക്ഷിത പ്രദേശങ്ങളുടെ അസാധാരണമായ ജൈവവൈവിധ്യ മൂല്യം വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ.വി പറഞ്ഞു. ജീവിവർഗങ്ങളുടെ വിതരണരീതികളും ആവാസവ്യവസ്ഥകളും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ഇത്തരം ശാസ്ത്രീയ സർവേകൾ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Munnar Wildlife Division has recorded 11 new faunal species during a recent biodiversity survey, including one bird, three butterflies, and seven dragonflies. The findings further strengthen the ecological significance of the southern Western Ghats. With these additions, the region now hosts 260 butterfly species, 82 dragonfly species, and 263 bird species.
