അറ്റ്‌ലാന്റ: ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ഫുട്ബോൾ ശക്തികളായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് ചരിത്രം കുറിച്ച് കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ 0-0ന് സമനില പിടിച്ച പുതുമുഖ ടീം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആദ്യ പോയിന്റ് സ്വന്തമാക്കി ശ്രദ്ധേയ പ്രകടനം നടത്തി.
മത്സരത്തിന്റെ തുടക്കം മുതൽ പ്രതിരോധത്തിന് പ്രാധാന്യം നൽകിയ കേപ് വെർദെ, സ്‌പെയിനിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുത്തു. പന്തടക്കത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ സ്പാനിഷ് ടീമിന് നിർണായക നിമിഷങ്ങളിൽ ഫിനിഷിങ് മികവ് പുറത്തെടുക്കാനായില്ല.
യൂറോ കപ്പ് ജേതാക്കളെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ സ്‌പെയിനിന് മുന്നേറ്റനിരയുടെ നിറംമങ്ങിയ പ്രകടനം തിരിച്ചടിയായി. പ്രധാന സ്‌ട്രൈക്കർ മീക്കേൽ ഒയർസബാൽ സ്വാധീനം ചെലുത്താനാകാതെ പോയപ്പോൾ, ലമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും അഭാവവും ടീമിനെ ബാധിച്ചു. റോഡ്രി, പെഡ്രി, ഫാബിയാൻ റൂയിസ്, മാർക്കോസ് ലൊറെന്റെ, മാർക്ക് കുക്കുറെയ്യ എന്നിവർ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അതിന് ഗോളെന്ന ഫലമുണ്ടായില്ല.
മറുവശത്ത്, 40-കാരനായ ഗോൾകീപ്പർ വോസിന്യയുടെ തകർപ്പൻ സേവുകളാണ് കേപ് വെർദെയുടെ രക്ഷയായി മാറിയത്. 39-ാം മിനിറ്റിൽ കുക്കുറെയ്യയുടെ ഹെഡറിൽ നിന്നുണ്ടായ അവസരം ഫെറാൻ ടോറസ് ബാറിൽ തട്ടിച്ച് നഷ്ടപ്പെടുത്തി. പിന്നാലെ ലഭിച്ച റീബൗണ്ടും വോസിന്യ കൈവശപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലപോർട്ടെയുടെ ഹെഡറും ഗോൾകീപ്പർ അതിവേഗം തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കാൻ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ പകരക്കാരെ ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താൻ സ്പാനിഷ് ടീമിന് സാധിച്ചില്ല. അവസാന വിസിൽ മുഴങ്ങുമ്പോൾ പ്രതിരോധത്തിലെ അച്ചടക്കവും ഗോൾകീപ്പറുടെ മികവും കരുത്താക്കി കേപ് വെർദെ ചരിത്രപരമായ സമനില സ്വന്തമാക്കി.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഫേവറിറ്റ് ടീമിനെ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് കേപ് വെർദെ ക്യാംപ്. അതേസമയം, അപ്രതീക്ഷിത പോയിന്റ് നഷ്ടപ്പെട്ടതോടെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ സമ്മർദത്തിലായിരിക്കുകയാണ് സ്‌പെയിൻ.
English Summary
In a stunning World Cup debut, underdogs Cape Verde held European champions Spain to a thrilling 0-0 draw in their Group H opener in Atlanta. Despite Spain dominating 72% of the possession, Luis de la Fuente’s men felt the void left by injured star wingers Lamine Yamal and Nico Williams. Spain’s attack, led by Mikel Oyarzabal and Ferran Torres, was repeatedly thwarted by Cape Verde’s disciplined defense and an extraordinary performance from their 40-year-old veteran goalkeeper, Vozinha, who pulled off crucial saves against headers from Cucurella and Laporte to secure a historic first World Cup point for his country.
