9 കോടിയുടെ റോൾസ് റോയ്‌സ് വാങ്ങാൻ പണമുണ്ട്; പക്ഷേ 130 രൂപയുടെ ടോൾ അടയ്ക്കില്ല! കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയിൽ ബാരിയർ വെട്ടിച്ച് ആഡംബര കാറിന്റെ പാച്ചിൽ; പരാതിയുമായി അധികൃതർ

1 Min Read

കോഴിക്കോട്: ദേശീയപാത ബൈപാസിലെ ഒളവണ്ണ ഭാഗത്തെ ടോൾ പ്ലാസയിൽ 130 രൂപയുടെ ടോൾ അടയ്ക്കാതെ 9 കോടിയിലധികം വിലമതിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ കടന്നുപോയ സംഭവം ശ്രദ്ധേയമായി. തട്ടിപ്പ് തിരിച്ചറിഞ്ഞ ടോൾ പ്ലാസ അധികൃതർ പൊലീസിനും റോൾസ് റോയ്‌സ് കമ്പനിക്കും പരാതി നൽകി.

ഹരിയാന രജിസ്ട്രേഷനുള്ള എച്ച്ആർ 72 കെ 7977 നമ്പർ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറാണ് ജൂൺ 4-ന് വൈകിട്ട് 3.36-ഓടെ രാമനാട്ടുകരയിൽ നിന്ന് വെങ്ങളം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ ടോൾ പ്ലാസയിൽ നിന്ന് പണം നൽകാതെ കടന്നുപോയത്. ടോൾ ജീവനക്കാർ ബാരിയർ അടയ്ക്കുന്നതിന് മുമ്പ് കാർ അതിവേഗത്തിൽ മുന്നോട്ട് നീങ്ങിയതോടെയാണ് ടോൾ ഫീസ് ഒഴിവാക്കിയത്.

സംഭവത്തെ തുടർന്ന് ദൃശ്യങ്ങൾ സഹിതമാണ് ടോൾ പ്ലാസ അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഹരിയാന രജിസ്ട്രേഷനുള്ള മറ്റൊരു വാഹനവും നിരവധി തവണ ടോൾ ഫീസ് നൽകാതെ കടന്നുപോയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ദിവസേന നിരവധി വാഹനങ്ങൾ ഇത്തരത്തിൽ ടോൾ വെട്ടിച്ചുകടക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുമ്പോൾ, വാഹനത്തിന്റെ രേഖകളിലുള്ള ഉടമകൾ കാർ നേരത്തെ വിറ്റതായാണ് അറിയിച്ചിരിക്കുന്നതെന്നും അധികൃതർ പറയുന്നു.

English Summary:
A Rolls-Royce Ghost worth over ₹9 crore allegedly evaded paying a ₹130 toll at the Olavanna toll plaza on the Kozhikode bypass. Toll authorities have filed complaints with the police and Rolls-Royce after CCTV footage showed the Haryana-registered luxury car crossing the barrier before it was closed. Officials say similar incidents involving other vehicles have also been reported.



Share This Article