ഇപിഎസിനെതിരെ കലാപം; അണ്ണാഡിഎംകെയിൽ വീണ്ടും എം.എൽ.എയുടെ രാജി; പാർട്ടി വിട്ട് സി. വിജയഭാസ്കറും; നിയമസഭയിൽ പാർട്ടി അംഗബലം 42 ആയി ഇടിഞ്ഞു

1 Min Read

ചെന്നൈ: അണ്ണാഡിഎംകെയിൽ വിമതനീക്കത്തിന് നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി. വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് കൈമാറിയതായും രാജി സ്വീകരിച്ചതായും സ്പീക്കർ സ്ഥിരീകരിച്ചു.

ഇതോടെ അണ്ണാഡിഎംകെയിൽ നിന്ന് രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി. നിലവിൽ തമിഴ്നാട് നിയമസഭയിൽ പാർട്ടിയുടെ അംഗബലം 42 ആയി കുറഞ്ഞിരിക്കുകയാണ്.

രാജിക്ക് പിന്നാലെ സമൂഹമാധ്യമത്തിലൂടെ, പേരെടുത്തുപറയാതെയെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ വിജയഭാസ്കർ വിമർശനമുന്നയിച്ചു. നേതൃത്വം അധികാരത്തിൽ മാത്രം ഒതുങ്ങുന്നതാകരുതെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി പ്രവർത്തകരുടെ ഹൃദയം പോലും കീഴടക്കാൻ കഴിയാത്ത നേതൃത്വത്തിന് ജനങ്ങളുടെ മനസ്സിൽ എങ്ങനെ സ്ഥാനം നേടാനാകുമെന്ന് ചോദിച്ച വിജയഭാസ്കർ, പ്രവർത്തകരുടെ വികാരങ്ങൾക്ക് വിലനൽകാത്ത പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും വ്യക്തമാക്കി.

അംബാസമുദ്രം മണ്ഡലത്തിലെ എസക്കി സുബ്ബയ്യ, ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്. ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് നേരത്തെ അണ്ണാഡിഎംകെയിൽ നിന്ന് രാജിവച്ച മറ്റ് എംഎൽഎമാർ.

English Summary:
AIADMK leader and MLA C. Vijayabhaskar, who was among the leaders spearheading dissent within the party, has resigned from the Tamil Nadu Assembly. With his resignation, the number of AIADMK MLAs has come down to 42, while the total number of resignations from the party has reached five. Vijayabhaskar also indirectly criticized party chief Edappadi K. Palaniswami over leadership issues.



Share This Article