പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ; ചിലവ് വിവരങ്ങൾ പുറത്തുവിട്ടത് 8 എണ്ണത്തിന്റേത് മാത്രം! താമസച്ചെലവ് ‘പൂജ്യം’ രൂപയെന്ന് പൊതുഭരണ വകുപ്പ്; 17 രാജ്യങ്ങൾ സന്ദർശിച്ച വിവരങ്ങൾ പുറത്ത്

1 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന പത്ത് വർഷത്തിനിടെ പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഈ യാത്രകളിലൂടെ 17 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചെന്നും മറുപടിയിൽ പറയുന്നു.

എന്നാൽ 30 യാത്രകൾ നടത്തിയിട്ടും അതിൽ എട്ട് യാത്രകളുടെ ചെലവ് വിവരങ്ങൾ മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. ഈ എട്ട് യാത്രകൾക്കായി ആകെ 74,59,364 രൂപ ചെലവഴിച്ചതായാണ് രേഖകളിൽ വ്യക്തമാക്കുന്നത്.

അതേസമയം, വിദേശയാത്രകളിലെ താമസച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത് ‘പൂജ്യം’ രൂപയാണെന്നത് ശ്രദ്ധേയമാണ്. യാത്രയും താമസവും സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമാക്കാത്തതിനെതിരെ അപ്പീൽ നൽകുമെന്ന് വിവരാവകാശ പ്രവർത്തകനായ മുളക്കുളം സൗത്ത് സ്വദേശി എം.ടി. തോമസ് അറിയിച്ചു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നാല് തവണ ചികിത്സാർഥം അമേരിക്ക സന്ദർശിച്ചതായും നാല് സ്വകാര്യ വിദേശയാത്രകൾ നടത്തിയതായും രേഖകളിൽ വ്യക്തമാക്കുന്നു. 2018 ജൂലൈയിൽ അമേരിക്കയിലേക്കുള്ള ഒരു യാത്ര സർക്കാർ രേഖകളിൽ സ്വകാര്യ സന്ദർശനമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിന് 3,82,807 രൂപയുടെ യാത്രാച്ചെലവ് അനുവദിച്ചതായും മറുപടിയിൽ സൂചിപ്പിക്കുന്നു.

അമേരിക്ക, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തോനേഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പിണറായി വിജയൻ സന്ദർശിച്ചതെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു.

English Summary:
RTI documents reveal that former Kerala Chief Minister Pinarayi Vijayan undertook 30 foreign trips covering 17 countries during his ten-year tenure. However, the General Administration Department disclosed expenditure details for only eight trips, amounting to ₹74.59 lakh. The applicant has said he will appeal for complete details, including accommodation expenses, which were shown as zero.



Share This Article