അഗസ്ത്യമുഴിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; പ്രസവ തീയതിക്ക് മുൻപേ എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല; ഗർഭസ്ഥ ശിശു മരിച്ചതിൽ പൊലീസ് അന്വേഷണം

1 Min Read

കോഴിക്കോട്: കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. അഗസ്ത്യമുഴിയിൽ നടന്ന സംഭവത്തിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രദേശത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

ഇന്നലെ രാവിലെയായിരുന്നു പരാതിക്കിടയായ സംഭവം. അഞ്ചാം മാസം മുതൽ യുവതി പ്രസവപരിചരണത്തിനായി ഈ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ജൂൺ 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി നേരത്തെ ആശുപത്രിയിലെത്തിയെങ്കിലും പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും, സമയബന്ധിതമായ ചികിത്സ ലഭിക്കാതിരുന്നതാണ് ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.

English Summary:
A family in Kozhikode has alleged that delay in providing treatment at a private hospital led to the death of an unborn baby. The pregnant woman, a native of Koyilandy, had been under treatment at the hospital since her fifth month of pregnancy. Relatives claim the hospital refused to admit her despite physical discomfort. A complaint has been filed with Mukkam Police, and further action is awaited.



Share This Article