facebook

ഇറാനെതിരെ അമേരിക്കൻ തിരിച്ചടി; അഞ്ച് എണ്ണ ടാങ്കറുകൾ തകർത്തതായി യുഎസ്

2 Min Read

വാഷിങ്ടൺ: യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണശ്രമം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ രണ്ട് ആക്രമണശ്രമങ്ങൾക്ക് മറുപടിയായാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

എന്നാൽ, സംഭവത്തെക്കുറിച്ചുള്ള ഇറാന്റെ റിപ്പോർട്ടുകളും അമേരിക്കയുടെ അവകാശവാദങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ആക്രമണത്തിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ ഒരു ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈൽ പതിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഒമാൻ ഉൾക്കടലിലെ ജാസ്‌കിന് സമീപം മറ്റൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ റിപ്പോർട്ട് പ്രകാരം ജാസ്‌കിലെ തെക്കൻ തുറമുഖത്തിനും പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിനും സമീപം കുറഞ്ഞത് മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെയെങ്കിലും ആക്രമണമുണ്ടായി.

ആക്രമണത്തെ തുടർന്ന് കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുവൈത്തും ബഹ്‌റൈനും മുന്നറിയിപ്പിൽ

അതേസമയം, അമേരിക്കൻ തിരിച്ചടിക്ക് മറുപടിയായി യുഎസ് സൈന്യത്തിന് താവളസൗകര്യം നൽകുന്ന കുവൈത്ത്, ബഹ്‌റൈൻ തുറമുഖങ്ങളിലെ എണ്ണക്കപ്പലുകൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.

തുടർന്ന് ജീവനക്കാരോട് ഈ കപ്പലുകളിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇറാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ ഗൾഫ് മേഖലയിലെ എണ്ണ ഗതാഗതവും കപ്പൽ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ കൂടുതൽ ശക്തമാകുകയാണ്.

English Summary

The US Central Command said it destroyed five Iranian crude oil tankers in retaliation for two alleged Iranian attempts to attack US warships with ballistic missiles. Iranian media reported attacks on oil tankers near Kharg Island and Jask, with crews reportedly evacuated. Iran’s Revolutionary Guards warned that oil tankers at ports in Kuwait and Bahrain hosting US military facilities could be targeted in retaliation.

Share This Article