കാൺപൂർ: സിബിഎസ്ഇയുടെ (CBSE) ഓൺലൈൻ സബ്മിഷൻ ഓഫ് മാർക്ക് (OSM) പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി രാജ്യശ്രദ്ധ നേടിയ മലയാളി ഹാക്കർ നിസർഗ അധികാരി ഐഐടി കാൺപൂരിൽ (IIT Kanpur) ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു. ഐഐടിയിലെ പ്രശസ്തമായ സൈബർ സെക്യൂരിറ്റി ഇന്നവേഷൻ ഹബ്ബിലാണ് ഈ പത്തൊൻപതുകാരന് നിയമനം ലഭിച്ചിരിക്കുന്നത്.
ഐഐടി കാൺപൂരിന്റെ അത്യാധുനിക ടെക്‌നോളജി ഇന്നവേഷൻ ഹബ്ബായ ‘C3iHub’-ൽ ഓപ്പൺ-സോഴ്‌സ് ഇന്റലിജൻസ് (OSINT), ത്രെറ്റ് ഇന്റലിജൻസ് എൻജിനീയർ (Threat Intelligence Engineer) എന്നീ തസ്തികകളിലാണ് നിസർഗ ചുമതലയേറ്റത്. തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലൂടെ നിസർഗ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. ഐഐടി കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ ഈ അത്യപൂർവ്വ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഒരു സാധാരണ വിദ്യാർത്ഥിയിൽ നിന്നും ഗവേഷകനിലേക്കും, അവിടെനിന്ന് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ സൈബർ സെക്യൂരിറ്റി പ്രൊഫഷണലിലേക്കുമുള്ള നിസർഗ അധികാരിയുടെ ഈ കുതിപ്പ് ഇന്ത്യൻ സൈബർ രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഇന്ത്യയിൽ എത്തിക്കൽ ഹാക്കിങ് മേഖലയ്ക്കും രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങളിലെ സുരക്ഷാ അപകടസാധ്യതകൾ മുൻകൂട്ടി ചൂണ്ടിക്കാണിക്കുന്നവർക്കും ഭരണകൂടങ്ങളിൽ നിന്നും പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പിന്തുണയുടെ വലിയൊരു സൂചന കൂടിയാണിത്.
രാജ്യത്തുടനീളമുള്ള സിബിഎസ്ഇ അഫ്‌ലിയേറ്റഡ് സ്‌കൂളുകൾ വിദ്യാർത്ഥികളുടെ പരീക്ഷാ മാർക്കുകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഒഎസ്എം (OSM) പോർട്ടൽ.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിഗതവും സെൻസിറ്റീവുമായ വിവരങ്ങൾ സൂക്ഷിക്കുന്ന ഈ സിബിഎസ്ഇ പോർട്ടലിൽ ‘ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ’ ഉണ്ടെന്ന് കഴിഞ്ഞ മാസമാണ് നിസർഗ അധികാരി തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ചത്.
എന്നാൽ, തുടക്കത്തിൽ തങ്ങളുടെ ഡാറ്റാ സുരക്ഷയിൽ യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ അധികൃതർ ഈ വാദം പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്.
ഈ വർഷം സിബിഎസ്ഇ സിലബസിൽ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥി കൂടിയാണ് നിസർഗ. തന്റെ ഹാക്കിങ് കഴിമുപയോഗിച്ച് സിബിഎസ്ഇ സൈറ്റിൽ കയറി അധ്യാപകരുടെ പേര്, റോൾ നമ്പർ, അവരുടെ ബാങ്ക് വിവരങ്ങൾ എന്നിവയിൽ വരെ എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താമെന്ന് നിസർഗ തെളിയിച്ചിരുന്നു.
ഇക്കാര്യം താൻ കൃത്യമായ തെളിവുകൾ സഹിതം സിബിഎസ്ഇ അധികാരികളെ ഔദ്യോഗികമായി അറിയിച്ചെങ്കിലും അവർ അത് പരിഹരിക്കാൻ തയ്യാറായില്ലെന്നും നിസർഗ വെളിപ്പെടുത്തിയിരുന്നു.
തുടക്കത്തിൽ ഈ കൗമാരക്കാരന്റെ അവകാശവാദങ്ങളെ സിബിഎസ്ഇ ഒട്ടും മുഖവിലയ്ക്കെടുത്തിരുന്നില്ലെങ്കിലും, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഐഐടി കാൺപൂർ അധികൃതർ നിസർഗയുടെ അസാധാരണമായ പ്രതിഭയെ തിരിച്ചറിയുകയും തങ്ങളുടെ സൈബർ വിംഗിലേക്ക് നേരിട്ട് നിയമനം നൽകുകയുമായിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ സുരക്ഷാ കോട്ടകൾ കാക്കാൻ ഇത്തരം യുവപ്രതിഭകളുടെ സേവനം വലിയ രീതിയിൽ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
Nisarga Adhikari, a 19-year-old ethical hacker who recently exposed critical security vulnerabilities in CBSE’s Online Submission of Marks (OSM) portal, has been appointed as an OSINT and Threat Intelligence Engineer at IIT Kanpur’s Cyber Security Innovation Hub (C3iHub). IIT Kanpur Director Manindra Agrawal confirmed the appointment of the youngster, who recently completed his Plus Two exams.
