കൊച്ചി: മികച്ച പ്രവർത്തനം നടത്തിയ പോലീസുദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അഭിനന്ദിച്ച് എറണാകുളം റൂറൽ ജില്ലാ പോലീസ്. മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ മൂന്ന് പേരെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജിയെയും, മാലമോഷണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ സാഹസികമായി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർമാരായ താജുദ്ദീൻ, ഷാജഹാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മികച്ച സേവനത്തിന് 40 പോലീസുദ്യോഗസ്ഥർക്കും അഭിനന്ദന പത്രം നൽകി.
റൂറൽ ജില്ലാ പോലീസിന്റെ ആദരം ഷാജിക്ക്
മൂവാറ്റുപുഴയാറിലെ പുളിക്കക്കടവിലാണ് അപകടം നടന്നത്. നാലര വയസ്സുകാരി പുഴയിൽ വീണതിനെ തുടർന്ന് അവരെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ദമ്പതികളും ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
സ്ഥിതി ഗുരുതരമായതോടെ വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജി സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ പുഴയിലേക്ക് ചാടി. തുടർന്ന് മൂന്നുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.
മാലമോഷ്ടാക്കളെ ഓട്ടോയിൽ തന്നെ സ്റ്റേഷനിലെത്തിച്ചു
ആലുവയിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച ശേഷം തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ ആലുവ പഴയ ബസ് സ്റ്റാൻഡിൽനിന്ന് താജുദ്ദീന്റെ ഓട്ടോറിക്ഷയിൽ കയറി. പറവൂർ കവലയിലേക്ക് പോകണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്.
ഇതിനിടെ ഇരുവരുടെയും ധൃതിയിലുള്ള പെരുമാറ്റത്തിൽ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി. ഓട്ടോ റെയിൽവേ കോർണറിലെത്തിയപ്പോൾ ഏകദേശം 70 വയസ്സുള്ള ഒരു സ്ത്രീ കരഞ്ഞുകൊണ്ട് വരുന്നത് ശ്രദ്ധയിൽപ്പെട്ടു.
വൃദ്ധ തിരിച്ചറിഞ്ഞതോടെ പോലീസിലേക്ക്
ഓട്ടോ നിർത്തി കാര്യം അന്വേഷിച്ചപ്പോഴാണ് തന്റെ മാല മോഷണം പോയതായി വൃദ്ധ പറഞ്ഞത്. ഓട്ടോയിൽ ഇരുന്നവരെ ചൂണ്ടിക്കാട്ടി ചോദിച്ചപ്പോൾ അവരെ വൃദ്ധ തിരിച്ചറിഞ്ഞു.
തുടർന്ന് ഓട്ടോ ഡ്രൈവർമാരായ താജുദ്ദീനും ഷാജഹാനും ചേർന്ന് വൃദ്ധയെയും കൂട്ടി. മോഷണക്കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകാതെ സാഹസികമായി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
40 പോലീസുദ്യോഗസ്ഥർക്കും അഭിനന്ദനം
മികച്ച അന്വേഷണത്തിനും സേവനത്തിനും ഡിവൈഎസ്പിമാരായ ബൈജു പൗലോസ്, സി. ബിനുകുമാർ, സി.ഐമാരായ പി.എം. ഷമീർ, ബി.കെ. അരുൺ തുടങ്ങിയ 40 പോലീസുദ്യോഗസ്ഥരെയും ചടങ്ങിൽ അഭിനന്ദിച്ചു.
റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. അഭിനന്ദന പത്രങ്ങളും വിതരണം ചെയ്തു.
ഡി.സി.ആർ.ബി ഡിവൈഎസ്പി കെ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഡിവൈഎസ്പിമാരായ ബൈജു പൗലോസ്, എൻ. ബാബുക്കുട്ടൻ, വൈ. നിസാമുദ്ദീൻ, സി. ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
കേരള പോലീസ് നടപ്പാക്കുന്ന ‘അഭിനന്ദന ദിനം’ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
English Summary:
Ernakulam Rural Police honoured civilians and police officers for exemplary service. Shaji of Vellorkunnam was recognised for rescuing three people who fell into the Muvattupuzha River. Auto drivers Tajuddin and Shajahan were honoured for helping apprehend two Tamil Nadu women suspected of stealing a necklace in Aluva and taking them to the police station. Forty police officers were also recognised for outstanding investigation and service. The event was organised as part of Kerala Police’s ‘Abhinandana Dinam’ initiative.
റൂറൽ ജില്ലാ പോലീസ് rural-district-police-appreciation-shaji-muvattupuzha-river-rescue മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർമാർക്കും റൂറൽ ജില്ലാ പോലീസിന്റെ ആദരം.റൂറൽ ജില്ലാ പോലീസ്, മൂവാറ്റുപുഴയാർ, ഷാജി, ജീവൻ രക്ഷിച്ചു, ആലുവ മാലമോഷണം, ഓട്ടോ ഡ്രൈവർ, പോലീസ് അഭിനന്ദനം, അഭിനന്ദന ദിനം, എറണാകുളം റൂറൽ പോലീസ്, കേരള പോലീസ്
