ബംഗളൂരു: ഫിഫ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള പനാമയെ 1-1ന് സമനിലയിൽ തളച്ച് ഇന്ത്യ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പനാമ പരിശീലകൻ തോമസ് ക്രിസ്റ്റ്യൻസന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. ബെംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കും ലോജിസ്റ്റിക്സ് സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകളും ടീമിന്റെ തയ്യാറെടുപ്പിനെ ബാധിച്ചെന്നാണ് പനാമ പരിശീലകൻ പറഞ്ഞത്.
പനാമ പരിശീലകൻ ചൂണ്ടിക്കാട്ടിയത് രണ്ട് മണിക്കൂർ യാത്ര
താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ഏകദേശം മൂന്നോ നാലോ കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലെത്താൻ ടീമിന് രണ്ടുമണിക്കൂറോളം ബസിൽ ഗതാഗതക്കുരുക്കിൽ കഴിയേണ്ടിവന്നുവെന്നാണ് തോമസ് ക്രിസ്റ്റ്യൻസന്റെ വിശദീകരണം.
ഇത്തരം യാത്ര താരങ്ങളുടെ ഊർജത്തെയും മത്സരത്തിനുള്ള തയ്യാറെടുപ്പുകളെയും ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിനെ മത്സരഫലത്തിനുള്ള ന്യായീകരണമായി കാണരുതെന്നും പനാമ പരിശീലകൻ വ്യക്തമാക്കി.
“ഇതൊരു ഒഴിവുകഴിവായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സ്റ്റേഡിയത്തിലെത്താൻ രണ്ടുമണിക്കൂർ ബസിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുക എളുപ്പമുള്ള കാര്യമല്ല.”
യാത്രയും സൗകര്യങ്ങളും പ്രയാസകരമായിരുന്നെന്നും കളിക്കളത്തിന് അകത്തും പുറത്തും കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും ക്രിസ്റ്റ്യൻസൻ പറഞ്ഞു.
ഇന്ത്യ ആദ്യം മുന്നിലെത്തി
മത്സരത്തിൽ 41-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യം ഗോൾ നേടിയത്. ആകാശ് മിശ്ര നൽകിയ പാസ് റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ പനാമ തിരിച്ചെത്തി. 68-ാം മിനിറ്റിൽ ഒമർ ജാവിയർ വലൻസിയയിലൂടെ പനാമ സമനില ഗോൾ നേടി. തുടർന്ന് ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താനാകാതെ മത്സരം 1-1ന് അവസാനിച്ചു.
ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന സമനില
കഴിഞ്ഞ ലോകകപ്പിൽ മത്സരിച്ച പനാമ നിലവിൽ ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്താണ്. 138-ാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ നേടിയ ഈ സമനില ഇന്ത്യൻ ടീമിന് അടുത്ത മത്സരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
അതേസമയം, ഇന്ത്യയുടെ അടുത്ത എതിരാളികൾ കരുത്തരായ ബ്രസീലും യുറുഗ്വായുമാണ്. ഒക്ടോബർ മൂന്നിന് ബ്രസീലിനെയും ഒക്ടോബർ ആറിന് യുറുഗ്വായെയും ഇന്ത്യ നേരിടും. കൊൽക്കത്തയിലാണ് ഇരു മത്സരങ്ങളും നടക്കുക.
English Summary:
India held higher-ranked Panama to a 1-1 draw in an international friendly, with Ryan Williams scoring India’s opening goal before Omar Javier Valencia equalised for Panama. After the match, Panama coach Thomas Christiansen spoke about the difficulties his team faced with Bengaluru traffic and logistics. He said the team spent around two hours travelling by bus despite the stadium being only about three to four kilometres from their hotel, affecting the players’ energy and preparations. India will next face Brazil on October 3 and Uruguay on October 6 in Kolkata.
