facebook

രാജ്യവ്യാപക ബാങ്ക് സമരം പിൻവലിച്ചു; ഐബിഎ-യുഎഫ്ബിയു ചർച്ചയിൽ ധാരണ

1 Min Read

രാജ്യവ്യാപക ബാങ്ക് സമരം പിൻവലിച്ചു

ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് സമരം മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് തീരുമാനം അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്.

അഞ്ച് ദിവസത്തെ പ്രവൃത്തിദിനം

ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്ന വിഷയം പരിശോധിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയം പഠിച്ച് പരിഹാരം നിർദേശിക്കാനാണ് സമിതിയുടെ ലക്ഷ്യം.

ബാങ്കിങ് മേഖലയിലെ മറ്റ് പ്രശ്നങ്ങളിലും വേഗത്തിൽ പരിഹാരം കാണുമെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചതായാണ് വിവരം. സമരം മാറ്റിവച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.

ഞായറാഴ്ചയും ബാങ്കുകൾ തുറന്നു

സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനായി ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.

പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

ഈ ആവശ്യങ്ങളിൽ ചിലത് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. തുടർചർച്ചകളിലൂടെ ശേഷിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താനാണ് ധാരണ.

Share This Article