കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട്; പള്ളിവാസലിൽ നാലുപേർ അറസ്റ്റിൽ
മൂന്നാർ: പള്ളിവാസലിൽ മലമുകളിൽ സ്ഥാപിച്ച കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ, താമരശ്ശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19ന് സംഭവം
നീലക്കുറിഞ്ഞി കാണാനെത്തിയ യുവാക്കൾ സെപ്റ്റംബർ 19നാണ് കുരിശിന് മുകളിൽ കയറി ചിത്രങ്ങളെടുത്തത്. പള്ളിവാസലിലെ സെന്റ് ആൻ ചർച്ചുമായി ബന്ധപ്പെട്ട് മലമുകളിൽ സ്ഥാപിച്ച കുരിശിലാണ് ഇവർ കയറിയത്. സാധാരണ സന്ദർശകർക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
കുരിശിന് മുകളിൽ കയറിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവാദമായതോടെ മൂന്നാർ എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് യുവാക്കളെ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
