facebook

കേരള സിപിഎമ്മിൽ അടിമുടി മാറ്റമുണ്ടാകും; എം.എ. ബേബി

3 Min Read

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരള സിപിഎമ്മിൽ മാറ്റം ഉണ്ടാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. താഴെത്തട്ടുമുതൽ മുകൾത്തട്ടുവരെ പാർട്ടിയിൽ നവീകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ നീക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.

പഞ്ചാബിലെ ലുധിയാനയിൽനിന്ന് കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി. തിരഞ്ഞെടുപ്പിലെ കനത്ത പരാജയം, അതിലേക്ക് നയിച്ച സാഹചര്യങ്ങൾ, നേതാക്കൾ ജനങ്ങളിൽനിന്ന് അകന്നോ എന്ന ചോദ്യം, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് എന്നിവ യോഗം വിശദമായി പരിശോധിക്കും.

കേരള സിപിഎമ്മിൽ മാറ്റം; എല്ലാം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ

കോഴിക്കോട്ട് 13 മുതൽ 15 വരെ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലാണ് പ്രധാന ചർച്ചകൾ നടക്കുക. ഘടകകക്ഷികളുടെ അഭിപ്രായങ്ങളും യോഗത്തിൽ പരിഗണിക്കും. കഴിഞ്ഞ രണ്ടുദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ച.

2000ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി സ്പെഷ്യൽ കോൺഫറൻസിനെയും പാലക്കാട് നടന്ന പ്ലീനത്തെയും സമാനമായ സാഹചര്യങ്ങളിലുള്ള പാർട്ടി ശക്തിപ്പെടുത്തൽ നടപടികളായി ബേബി ചൂണ്ടിക്കാട്ടി.

‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’

“പാർട്ടിയാണ് വലുത്. നേതാക്കളല്ല” എന്ന നിലപാടും എം.എ. ബേബി വ്യക്തമാക്കി. ത്രിപുരയിലും ബംഗാളിലും സംഭവിച്ച അപചയം കേരളത്തിലുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ നീക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേരളത്തിലെ പാർട്ടിയുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നും ബേബി വ്യക്തമാക്കി.

ജനങ്ങളിലേക്ക് ഇറങ്ങണം; നവീകരണം ഉണ്ടാകും

കേരളത്തിലെ പാർട്ടി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങണമെന്നതാണ് പ്രധാന മാറ്റമെന്ന് എം.എ. ബേബി പറഞ്ഞു. ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലുണ്ടാകണം. പാർട്ടിയിൽനിന്ന് അകന്നുപോയവർ തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരും വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കും. അവരുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാകുമെന്നും കേരളത്തിന് പുറത്തുനിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും ബേബി പറഞ്ഞു.

പിണറായി–റിയാസ് നീക്കം; പ്രതികരിക്കാതെ ബേബി

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ നീക്കം കൂടുതൽ ശക്തമാകുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് സംസ്ഥാന പാർട്ടിയിലെ കാര്യമാണെന്നായിരുന്നു ബേബിയുടെ മറുപടി.

സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതലായി പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.ഡി. വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനം

ഇ.ഡി. നീക്കത്തിൽ പോളിറ്റ് ബ്യൂറോ ഡീൽ ആരോപണം ഉയർന്നതിനെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റ് ഇ.ഡി. നീക്കത്തെ ന്യായീകരിച്ചതോടെ ഡീൽ വ്യക്തമായെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഇ.ഡി. കേസിനെ സിപിഎം രാഷ്ട്രീയമായും നിയമപരമായും നേരിടും. വിഷയത്തിൽ കേസെടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിനോട് പറയാനുള്ളതെന്നും ബേബി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോൽവിയും സ്ഥാനാർത്ഥി നിർണയവും ചർച്ചയാകും

കേരളത്തിൽ പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയെന്ന വിമർശനം ഗൗരവത്തോടെ പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു. ജനങ്ങളിൽനിന്ന് അകന്നുപോകരുതെന്നതാണ് പാർട്ടിയുടെ അടിസ്ഥാന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന വിമർശനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് ബേബി പറഞ്ഞു. “അത്തരം വിമർശനങ്ങൾ കൂടി ചർച്ച ചെയ്യാനാണല്ലോ വിപുലീകൃത സംസ്ഥാന കമ്മിറ്റി” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary:

CPI(M) General Secretary M.A. Baby said major changes are expected in the Kerala unit of the party following its heavy electoral defeat. He said the expanded state committee meeting in Kozhikode from September 13 to 15 will discuss the reasons for the defeat, the party’s distance from people, leadership-related issues, candidate selection and the views of allied parties. Baby stressed that the party is bigger than its leaders and said the Kerala CPI(M) needs to reconnect with people and undergo comprehensive renewal.

Share This Article