ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിലെ 25-ാം വർഷവും പ്രമാണിച്ച് ബിജെപി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കും. പരിപാടികളിൽ മുഴുവൻ പ്രവർത്തകരും സജീവമായി പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആഹ്വാനം ചെയ്തു.
ഒരു മാസത്തോളം നീളുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന-ജനകീയ പരിപാടികൾ സംഘടിപ്പിക്കും. വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ പങ്കെടുപ്പിച്ചായിരിക്കും പരിപാടികൾ.
സേവാ സങ്കൽപ് അഭിയാൻ; സെപ്റ്റംബർ 17ന് തുടക്കം
സെപ്റ്റംബർ 17ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. അന്നേദിവസം വൈകിട്ട് ഏഴിന് വീടുകളിൽ ദീപം തെളിയിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടാതെ, സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞവും അങ്കണവാടി, ആശാ പ്രവർത്തകരെ ആദരിക്കുന്ന പരിപാടികളും നടക്കും.
‘വികസിത് ഭാരത് 2047’ പ്രതിജ്ഞയുമായി റാലികൾ
ഒക്ടോബർ ഏഴിന് രാജ്യത്തെ ആയിരത്തോളം കേന്ദ്രങ്ങളിൽ കാൽനട ജാഥകളും ബൈക്ക് റാലികളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ‘വികസിത് ഭാരത് 2047’ പ്രതിജ്ഞയെടുക്കും.
അതേസമയം, ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹരായവരിലേക്ക് എത്തിക്കുന്നതിനായി ബ്ലോക്ക് തലത്തിൽ ‘സേവാ സേതു’ ക്യാമ്പുകളും സംഘടിപ്പിക്കും.
ഓരോ പൗരനും 25 മിനിറ്റ് സന്നദ്ധസേവനം
രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും കുറഞ്ഞത് 25 മിനിറ്റ് സന്നദ്ധസേവനത്തിനായി മാറ്റിവയ്ക്കണമെന്ന് നിതിൻ നബീൻ അഭ്യർത്ഥിച്ചു.
വിവിധ സേവന പ്രവർത്തനങ്ങളിലൂടെ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുകയാണ് ഒരു മാസം നീളുന്ന പരിപാടിയുടെ ലക്ഷ്യം. പാർട്ടി പ്രവർത്തകർ പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു.
English summary:
The BJP will organise the nationwide Seva Sankalp Abhiyan from September 17 to October 17 to mark Prime Minister Narendra Modi’s birthday and his 25th year in constitutional office. BJP national president Nitin Nabin urged party workers to actively participate. The campaign will include blood donation camps, lighting of lamps, school competitions, cleanliness drives, felicitation of Anganwadi and ASHA workers, rallies and ‘Seva Setu’ camps. On October 7, marches and bike rallies will be held at around 1,000 locations, along with a ‘Viksit Bharat 2047’ pledge.
