ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ വധശ്രമക്കുറ്റം കൂടി ചുമത്തിയതോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ രണ്ട് അംഗങ്ങൾ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് ഒളിവിൽ പോയതായി റിപ്പോർട്ട്. കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപുമാണ് അറസ്റ്റ് ഭയന്ന് മുങ്ങിയതെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസിനെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച കേസിൽ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ജാമ്യം നേടുന്നതിനായി ഇരുവരും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഹർജി പരിഗണനയ്ക്കെടുത്ത സമയത്ത് അന്വേഷണസംഘം കേസിൽ കൊലപാതകശ്രമക്കുറ്റം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ജാമ്യമില്ലാ വകുപ്പുകൾ കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോടതി പരിസരത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് സജ്ജമായിരുന്നു.
സാഹചര്യം വിലയിരുത്തിയ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അനിൽകുമാറിനും സന്ദീപിനും ജാമ്യം ലഭിച്ചാൽ കേസിലെ മറ്റ് പ്രതികളായ ഷൈജു, വിപിൻ, അരുൺ എന്നിവരെയും ജാമ്യത്തിനായി കോടതിയിലെത്തിക്കാനായിരുന്നു നീക്കം. എന്നാൽ വധശ്രമക്കുറ്റം ഉൾപ്പെട്ടതോടെ ആ പദ്ധതി പാളി.
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്നുണ്ടായ സംഭവത്തിലാണ് കേസ്. ആദ്യം പരസ്യമായി അസഭ്യം പറയൽ, ലഘു ആക്രമണം, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. പിന്നീട് ലഭിച്ച മൊഴികളും ദൃശ്യ തെളിവുകളും പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം ഗുരുതര വകുപ്പുകൾ കൂടി ചേർത്തത്.
English Summary:
Two security personnel accused of assaulting Youth Congress leaders during the Nava Kerala Yatra have reportedly gone into hiding after police added attempt-to-murder charges to the case. The accused withdrew their bail plea before the magistrate court and later approached the sessions court seeking anticipatory bail. The case has intensified following the SIT’s revised findings.
