3,750 സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് ഇല്ല; വില്ലനായി ‘ബ്ലൈൻഡ് സ്പോട്ട് മിററും’ സിസിടിവി തകരാറും; സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ 

2 Min Read
2 Min Read

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 3,750 സ്കൂൾ ബസുകൾക്ക് ആവശ്യമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിട്ടുള്ള 29,000 സ്കൂൾ ബസുകളിലാണ് പരിശോധന നടത്തിയത്.

ബസിൽ നിന്ന് ഇറങ്ങുന്ന കുട്ടികളെ ഡ്രൈവർക്ക് വ്യക്തമായി കാണാൻ സഹായിക്കുന്ന ‘ബ്ലൈൻഡ് സ്പോട്ട് മിറർ’ ഇല്ലാത്തതാണ് ഭൂരിഭാഗം വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാൻ പ്രധാന കാരണം. കൂടാതെ, സിസിടിവി ക്യാമറകൾ ഉണ്ടായിട്ടും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്ത ബസുകളും പരിശോധനയിൽ പരാജയപ്പെട്ടു.

പ്രവർത്തനരഹിതമായ പാനിക് ബട്ടണുകൾ, തേഞ്ഞ ടയറുകൾ, പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ, സുരക്ഷിതമായി അടയാത്ത വാതിലുകൾ തുടങ്ങിയ നിരവധി സുരക്ഷാ വീഴ്ചകളും പരിശോധനയിൽ കണ്ടെത്തി. ഈ കുറവുകൾ പരിഹരിച്ച ശേഷം വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങളിൽ കൂടുതലും സർക്കാർ സ്കൂളുകളുടെ ബസുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സാമ്പത്തിക പരിമിതികളാണ് പ്രധാന കാരണമെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. ചില സ്കൂളുകൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയ്ക്ക് വിധേയമാക്കാത്തതോ ഫിറ്റ്നസ് ലഭിക്കാത്തതോ ആയ വാഹനങ്ങൾ വിദ്യാർഥികളുമായി സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്വകാര്യ കരാർ വാഹനങ്ങളുടെ സമഗ്ര പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. പതിനായിരത്തിലധികം സ്വകാര്യ ബസുകളും വാനുകളും ഇനിയും പരിശോധനയ്ക്ക് വിധേയമാകാനുണ്ടെന്നാണ് വിവരം.

സ്കൂൾ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയർമാരുടെ ചുമതല സംബന്ധിച്ച വിഷയവും ചർച്ചയായിട്ടുണ്ട്. സ്കൂളുകളിലെ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം തുടരുമെങ്കിലും വൈദ്യുത വയറിംഗ്, അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ സാങ്കേതിക പരിശോധനയിൽ നിന്ന് എൻജിനിയർമാരെ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.

സ്കൂൾ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സമിതിയെ നിയോഗിച്ചതായും ബന്ധപ്പെട്ട എ.ഇ.ഒ, സ്കൂൾ മേധാവി, പി.ടി.എ പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന സമിതിക്കായിരിക്കും മേൽനോട്ട ചുമതലയെന്നും സർക്കാർ അറിയിച്ചു.

English Summary:

The Kerala Motor Vehicles Department has found that 3,750 school buses failed to meet mandatory fitness standards ahead of the new academic year. Missing blind-spot mirrors, non-functional panic buttons, worn-out tyres, faulty signal lights, and other safety deficiencies were among the major issues detected. Authorities have warned that buses without valid fitness certification will not be allowed to transport students.

Share This Article