തിരുവനന്തപുരം: മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളിൽ പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും ബന്ധിപ്പിക്കുന്ന വിശ്വാസ്യയോഗ്യമായ തെളിവുകൾ ഇ.ഡി കത്തിൽ ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിനെ അറിയിച്ചു. കത്തിൽ ചില നിഗമനങ്ങൾ മാത്രമാണ് ഉള്ളതെന്നും എ.ജി വ്യക്തമാക്കി.
ഇ.ഡി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി)ക്ക് നൽകിയ കത്ത് മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് കേസെടുക്കാനാകില്ലെന്നാണ് എ.ജിയുടെ പ്രാഥമിക നിയമനിലപാട്.
ഇ.ഡി കത്തിൽ ആരോപണങ്ങൾ മാത്രം; തെളിവുകൾ എവിടെ?
വീണാ വിജയന്റെ പണമിടപാടുകളിൽ അഴിമതിനിരോധന നിയമപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി കത്ത് നൽകിയത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണാ വിജയൻ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് കത്തിൽ പറയുന്നത്. ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയതിന്റെ വിവരങ്ങളും 20.05 കോടി രൂപയുടെ ഹവാലയെന്ന് സംശയിക്കാവുന്ന ഇടപാടുകളുടെ കണക്കുകളും ലഭിച്ചതായും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.
പണമിടപാടുകൾ ബാങ്ക് വഴി നടന്നതായി എ.ജി
പണമിടപാടുകളെക്കുറിച്ച് വീണാ വിജയൻ കൈയെഴുത്തിൽ സൂക്ഷിച്ചിരുന്ന കണക്കുകൾ ശേഖരിച്ചതായും ഇ.ഡി കത്തിൽ പറയുന്നു. റിയാസ് കൈക്കൂലി വാങ്ങിയെന്നും പണം ദുബായിലേക്ക് കൈമാറിയെന്നും പണം കടത്തുന്നതിന് വീണ സഹായിച്ചെന്നുമാണ് ആരോപണം.
അതേസമയം, ദുബായിൽ ആർക്കാണ് പണം നൽകിയതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്ന് എ.ജി ചൂണ്ടിക്കാട്ടി.
വീണാ വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയതും റിയാസിന്റെ കോഴിക്കോട്ടുള്ള സുഹൃത്തുക്കൾക്ക് പണം നൽകിയതുമെല്ലാം അക്കൗണ്ട് വഴിയാണെന്നാണ് എ.ജിയുടെ വിലയിരുത്തൽ. ഇതിന്റെ രേഖകൾ ഇ.ഡി കത്തിനൊപ്പം നൽകിയിട്ടുണ്ട്.
പിണറായിയെയും റിയാസിനെയും ബന്ധിപ്പിക്കുന്ന തെളിവില്ല
സ്വകാര്യ വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇ.ഡി കത്തിനൊപ്പം ഇല്ലെന്നാണ് എ.ജിയുടെ നിലപാട്.
റിയാസിനെതിരെ സുഹൃത്ത് ഹസൻ നൽകിയ മൊഴിയാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നതെന്നും എ.ജി സർക്കാരിനെ അറിയിച്ചു. ചില ഘടകകക്ഷികൾക്കും എ.ജിയുടെ അഭിപ്രായത്തോട് യോജിപ്പുണ്ടെന്നാണ് വിവരം.
തെളിവുണ്ടെങ്കിൽ മാത്രം എഫ്.ഐ.ആർ
വീണാ വിജയന്റെ പണമിടപാടുകൾ സ്വന്തം നിലയിലല്ലെന്നും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന ഭർത്താവ് മുഹമ്മദ് റിയാസിനും വേണ്ടിയാണെന്നുമുള്ള നിഗമനമാണ് ഇ.ഡി കത്തിലുള്ളതെന്ന് എ.ജി വ്യക്തമാക്കി.
എന്നാൽ ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകൾ കത്തിലില്ല. നേരത്തെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളിയിട്ടുമുണ്ട്.
പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ ലഭിച്ചാൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നാണ് എ.ജിയുടെ നിലപാട്.
പ്രാഥമികാന്വേഷണത്തിന് സാധ്യത
ഇ.ഡി റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി കേസും അന്വേഷണവും നടത്തുന്നത് സാധ്യമല്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസിഫലിയുമായി ചർച്ച നടത്തിയ ശേഷം തിങ്കളാഴ്ച വിശദമായ നിയമോപദേശം നൽകുമെന്ന് എ.ജി അറിയിച്ചു.
നിയമോപദേശം ലഭിച്ച ശേഷം സർക്കാർ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടേക്കും. നേരിട്ട് കേസെടുത്താൽ എഫ്.ഐ.ആർ കോടതി റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും സർക്കാർ വിലയിരുത്തുന്നതായാണ് വിവരം.
English Summary:
Kerala Advocate General Gaju Babu informed the government that the ED letter does not contain credible evidence directly linking Pinarayi Vijayan and P.A. Mohammed Riyas to the alleged masappady and hawala transactions. He said the letter largely contains inferences and that a Vigilance FIR cannot be registered solely on its basis. A detailed legal opinion is expected after further consultation.
