ബൗൺസർമാർ ഇടപെട്ടിട്ടും തീർന്നില്ല; കാറിന് നേരെയുള്ള കല്ലേറും നടുറോഡിലെ പ്രതികാരവും; ഡാൻസ് ഫ്ലോർ മുതൽ നടുറോഡ് വരെ നീണ്ട പക; 18-കാരിയുടെ ജീവനെടുത്ത കേസിൽ കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

1 Min Read

ചെന്നൈ: ബാറിൽ ഉണ്ടായ വാക്കുതർക്കം യുവതിയുടെ ദാരുണ മരണത്തിൽ കലാശിച്ചു. വിഴുപുരം സ്വദേശിനിയായ യാൻസി (18)യാണ് കാർ ഇടിച്ചുണ്ടായ സംഭവത്തിൽ കൊല്ലപ്പെട്ടത്. കേസിൽ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർ കുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവദിവസം ചെന്നൈയിലെ ഒരു ബാറിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് യാൻസിയും മറ്റൊരു സംഘവും തമ്മിൽ തർക്കമുണ്ടായത്. ബൗൺസർമാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ബാറിന് പുറത്തും ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റം തുടരുകയായിരുന്നു. തുടർന്ന് എല്ലാവരോടും സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാൻ ബൗൺസർമാർ നിർദേശിച്ചു.

യാൻസിയും സുഹൃത്തുക്കളും സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ കണ്ടുമുട്ടി. ഈ സമയത്ത് യാൻസിയുടെ സംഘത്തിലുള്ളവർ കാറിനുനേരെ കല്ലെറിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ശക്തമായ ഇടിയിൽ യാൻസി സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന 17-കാരിയായ സുഹൃത്ത് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സിൽ താഴെയുള്ളവരെ ബാറിൽ പ്രവേശിപ്പിച്ചതിനും ബാർ മാനേജ്മെന്റിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഒളിവിലുള്ള മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

English Summary:

An 18-year-old woman, Yancy, was killed after a bar dispute escalated into a deadly road attack in Chennai. Police said the accused chased and rammed the scooter she was travelling on following an argument. Three people have been arrested and further investigation is underway.



Share This Article