എടത്വ: അമേരിക്കയിൽ വിവാഹദിനത്തിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മലയാളി യുവാവ് മരിക്കുകയും വധുവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഹെലികോപ്റ്റർ പൈലറ്റും മരിച്ചു. യുഎസിലെ ജോർജിയ സംസ്ഥാനത്താണ് സംഭവം.
മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയിൽ ഫിജി ജോർജ്–ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി സ്വദേശികളായ സാം ഉമ്മൻ–ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി സാമിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
മേയ് 29-ന് രാത്രി ജോർജിയയിലെ ഡോസൺ കൗണ്ടിയിലായിരുന്നു അപകടം. അതേ ദിവസം വൈകിട്ട് ഡേവ് ഫിജിയും ജെസ്നി സാമും തമ്മിലുള്ള വിവാഹം നടന്നിരുന്നു. വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
അറ്റ്ലാന്റ ആസ്ഥാനമായ ഒരു വിമാനക്കമ്പനിയിൽ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നു ഡേവ്. വിവാഹത്തോടനുബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമായി തലവടിയിലെ സഭാഹാളിൽ വിരുന്ന് ഒരുക്കിയിരുന്നെങ്കിലും ചടങ്ങ് മാറ്റിവെച്ചതോടെയാണ് അപകടവിവരം ബന്ധുക്കൾ അറിയുന്നത്.
ജെസ്നിയുടെ കുടുംബം ഇരുപത് വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അമേരിക്കൻ വ്യോമയാന നിയന്ത്രണ ഏജൻസിയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം ആരംഭിച്ചു.
English Summary:
A Kerala-origin groom was killed in a helicopter crash in Georgia, USA, just hours after his wedding. The bride sustained serious injuries and is undergoing treatment. Authorities have launched an investigation into the cause of the crash.
