കൊല്ലം: തമിഴ് സിനിമയായ തായ് കിഴവിയിൽ നടി രാധിക ശരത് കുമാറിനെ വയോധിക കഥാപാത്രമാക്കി മാറ്റിയ പ്രോസ്തെറ്റിക് മേക്കപ്പിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് മലയാളിയായ വിനീഷ് വിജയൻ. ചിത്രത്തിൽ ‘പവുനുത്തായി’ എന്ന കഥാപാത്രത്തിനായി രാധികയെ പൂർണമായും രൂപാന്തരപ്പെടുത്തിയത് വിനീഷിന്റെ നേതൃത്വത്തിലായിരുന്നു.
വളരെ സങ്കീർണവും ഭാരമേറിയതുമായ പ്രോസ്തെറ്റിക് മേക്കപ്പാണ് ഇതിനായി ഉപയോഗിച്ചത്. മേക്കപ്പിന്റെ മികവ് സിനിമാരംഗത്ത് വലിയ ശ്രദ്ധ നേടിയതോടെ നടൻ കമൽഹാസൻ നേരിട്ട് അഭിനന്ദനം അറിയിച്ചതും വിനീഷിന് വലിയ അംഗീകാരമായി.
ഇപ്പോൾ എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ വാരണാസിയുൾപ്പെടെ നിരവധി വലിയ പ്രോജക്ടുകളാണ് വിനീഷിനെ കാത്തിരിക്കുന്നത്. രാഘവ ലോറൻസിന്റെ കാഞ്ചന-4യും അദ്ദേഹത്തിന്റെ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു.
മോഹൻലാൽ ചിത്രം എമ്പുരാൻയിലെ വില്ലൻ കഥാപാത്രമായ അഭിമന്യു സിംഗിനായി ഉപയോഗിച്ച ഫേസ് മാസ്ക് രൂപകൽപ്പന ചെയ്തതും വിനീഷാണ്. കൊട്ടാരക്കര വെണ്ടാർ സ്വദേശിയായ വിനീഷ് വിജയൻ, വിജയൻ-ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ ആവണി.
സ്കൂൾ പഠനകാലം മുതൽ തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച വിനീഷ്, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ക്ലേ മോഡലിംഗിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിന്നീട് ചെന്നൈയിൽ ഫിലിം മേക്കിംഗും ആനിമേഷനും പഠിച്ച അദ്ദേഹം അവിടെ അധ്യാപകനായും പ്രവർത്തിച്ചു.
ചെന്നൈ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശിൽപകലയിൽ ഔപചാരിക വിദ്യാഭ്യാസം നേടിയ വിനീഷ് മനുഷ്യ മുഖങ്ങളുടെ രൂപകൽപ്പനയിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ഓസ്ട്രേലിയൻ ശിൽപി റോൺ മുവക്കിന്റെ യാഥാർഥ്യ ശിൽപങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്.
സുഹൃത്തിനൊപ്പം ആരംഭിച്ച ശിൽപ നിർമ്മാണ സ്ഥാപനത്തിലൂടെ സിലിക്കൺ ശിൽപങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയ വിനീഷ്, തമിഴ്നാട് സർക്കാർ മ്യൂസിയത്തിനായി നടൻ ശിവാജി ഗണേശന്റെ ജീവിതഘട്ടങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങളും ഒരുക്കി. ഹൈദരാബാദിലെ എ.എൻ.ആർ സ്റ്റുഡിയോയ്ക്കായി അക്കിനേനി നാഗേശ്വര റാവുവിന്റെ വെങ്കല ശിൽപം നിർമ്മിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സംവിധായകൻ രാജമൗലിയുമായി പരിചയപ്പെടുന്നത്.
പ്രോസ്തെറ്റിക് മേക്കപ്പ് പൂർത്തിയാക്കാൻ ദിവസവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ വേണ്ടിവരും. ഷൂട്ടിംഗ് കഴിഞ്ഞ് മേക്കപ്പ് നീക്കം ചെയ്യാൻ രണ്ടുമണിക്കൂറിലധികം സമയമെടുക്കും. കഴുത്തിലെ അയഞ്ഞ ചർമ്മം, നീണ്ട കാതുകൾ, പ്രായാധിക്യം പ്രകടമാക്കുന്ന മറ്റ് ശരീരഭാഗങ്ങൾ എന്നിവ സ്വാഭാവികമായി തോന്നുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്.
English Summary:
Kerala native Vineesh Vijayan has gained national attention for transforming actress Radhika Sarathkumar into an elderly character in the Tamil film Thai Kizhavi. His prosthetic makeup work impressed Kamal Haasan and has opened doors to major projects, including films by S.S. Rajamouli and Raghava Lawrence.

