കോഴിക്കോട്: ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയരുന്ന കാലത്തും വെറും 30 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം നൽകി ശ്രദ്ധനേടുകയാണ് കോഴിക്കോട് ബീച്ച് റോഡിലെ ബഷീർക്കായുടെ ഭക്ഷണശാല. നെയ്ച്ചോറും കോഴിക്കറിയും, അല്ലെങ്കിൽ ചോറും മീൻകറിയും ഇതേ വിലയ്ക്ക് ഇവിടെ ലഭിക്കും. ചിക്കൻ പൊരിച്ചതിന് 40 രൂപ മാത്രമാണ് ഈടാക്കുന്നത്.
മുഖദാറിലെ പി.വി. ഹൗസിൽ ബഷീർ പി.വി. എന്ന 62-കാരനാണ് കഴിഞ്ഞ എട്ടുവർഷമായി ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. ദിവസേന ഏകദേശം 700 പേർക്കാണ് ഇവിടെ ഉച്ചഭക്ഷണം ഒരുക്കുന്നത്. ആഴ്ചയിൽ ഏഴു ദിവസവും ഭക്ഷണശാല പ്രവർത്തിക്കുന്നു.
ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭമല്ല ഇതെന്ന് ബഷീർക്ക പറയുന്നു. ജീവിക്കാൻ ആവശ്യമായ വരുമാനം ലഭിക്കുകയും അതോടൊപ്പം എത്തുന്നവരുടെ വയർ നിറയുകയും വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണം കഴിച്ച് മടങ്ങുന്നവർക്ക് പരാതിയില്ലാതെ സന്തോഷത്തോടെ പോകാൻ കഴിയണം എന്നതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാവിലെ ചായയും പലഹാരങ്ങളും ലഭ്യമാകുമ്പോൾ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നെയ്ച്ചോറും മറ്റ് വിഭവങ്ങളും വിളമ്പിത്തുടങ്ങുന്നത്. കിലോയ്ക്ക് 72 രൂപ വിലയുള്ള കയമ അരിയാണ് നെയ്ച്ചോറിനായി ഉപയോഗിക്കുന്നത്.
ഗ്യാസിന്റെ വിലക്കയറ്റവും നഗരത്തിലെ ഉയർന്ന വാടകയും വെല്ലുവിളിയാണെങ്കിലും സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ബഷീർക്കയുടെ നിലപാട്. ഭാര്യ റംലത്തും മകൻ അനസും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ പിന്തുണയാണ് ഈ സംരംഭത്തിന്റെ കരുത്ത്.
അഞ്ച് ജീവനക്കാർ സഹായത്തിനുണ്ടെങ്കിലും പാചകം മുതൽ വിളമ്പൽ വരെ എല്ലാ കാര്യങ്ങളിലും ബഷീർക്ക നേരിട്ട് ഇടപെടുന്നു. എത്തുന്ന ഓരോരുത്തർക്കും നല്ല ഭക്ഷണം ഉറപ്പാക്കണമെന്ന നിർബന്ധമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
English Summary:
Despite rising food and cooking gas prices, a small eatery in Kozhikode serves filling meals for just ₹30. Run by 62-year-old Basheer for the past eight years, the restaurant feeds around 700 people daily, prioritizing affordable food over profit.

