തിരുവനന്തപുരം: രാജ്യത്തെ ടോൾ പിരിവ് സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു.
തടസരഹിത ടോൾ സംവിധാനം അടുത്ത വർഷം ഏപ്രിൽ മുതൽ രാജ്യത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം.
വാഹനങ്ങൾ ടോൾ ബൂത്തിൽ നിർത്താതെ, ഹൈസ്പീഡ് ക്യാമറകളും ഫാസ്‌ടാഗ് റീഡറുകളും ഉപയോഗിച്ച് ടോൾ തുക ഈടാക്കുന്നതാണ് പുതിയ രീതി.
തടസരഹിത ടോൾ സംവിധാനം ഏപ്രിൽ മുതൽ
വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാലും ഫാസ്‌ടാഗ് റീഡറുകൾക്ക് ടാഗ് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഫാസ്‌ടാഗ് റീഡ് ചെയ്താൽ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്ന് ടോൾ തുക നേരിട്ട് കുറയും.
അതേസമയം, ഫാസ്‌ടാഗ് റീഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഹൈസ്പീഡ് ക്യാമറകളുടെ സഹായത്തോടെ വാഹനത്തിന്റെ നമ്പർ തിരിച്ചറിയും.
തുടർന്ന് വാഹന ഡാറ്റാബേസിൽനിന്ന് ഉടമയുടെ വിവരങ്ങൾ കണ്ടെത്തി ടോൾ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കേരളത്തിലെ 11 ടോൾ ബൂത്തുകൾ മാറും
പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ചില ടോൾ ബൂത്തുകളിൽ നടപ്പാക്കിയ തടസരഹിത സംവിധാനം വിജയിച്ചതിനെ തുടർന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
കേരളത്തിലെ ദേശീയപാത 66-ലെ 11 ടോൾ ബൂത്തുകൾ ഏപ്രിൽ മുതൽ തടസരഹിത ബൂത്തുകളായി മാറും.
എന്നാൽ ടോൾ ബൂത്തുകൾ പൂർണമായി പൊളിച്ചുനീക്കില്ല. നിലവിലുള്ള ബാരിയലുകൾ മാത്രമാണ് മാറ്റുക.
ഓരോ പാതയിലും ഫാസ്‌ടാഗ് റീഡറുകളും ക്യാമറകളും സ്ഥാപിക്കും. ഇതോടെ ടോൾ ബൂത്തുകളിൽ വാഹനങ്ങൾ നിർത്തിയിടേണ്ട സാഹചര്യം ഒഴിവാകും.
ഈ വർഷം പകുതി സ്ഥലങ്ങളിൽ നടപ്പാക്കും
ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം രാജ്യത്തെ ടോൾ പിരിവ് കേന്ദ്രങ്ങളിൽ പകുതിയോളം സ്ഥലങ്ങളിൽ ഈ സംവിധാനം ഈ വർഷം അവസാനത്തോടെ തന്നെ നടപ്പാക്കുകയെന്നതാണ്. ജീവനക്കാരുടെ എണ്ണവും പുതിയ സംവിധാനത്തോടെ ഗണ്യമായി കുറയ്ക്കാനാകും.
വാഹനങ്ങൾ ടോൾ ബൂത്തിൽ കാത്തുനിൽക്കേണ്ടിവരാത്തതിനാൽ യാത്രക്കാർക്ക് സമയവും ഇന്ധനവും ലാഭിക്കാനാകും.
ഗതാഗതക്കുരുക്ക് കുറയ്ക്കാനും തടസരഹിത ടോൾ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഫാസ്‌ടാഗിൽ പണമില്ലെങ്കിൽ പിഴ
പുതിയ സംവിധാനത്തിൽ ഫാസ്‌ടാഗ് അക്കൗണ്ടിലെ ബാലൻസിനും കൂടുതൽ പ്രാധാന്യമുണ്ടാകും. അക്കൗണ്ടിൽ ആവശ്യമായ പണം ഇല്ലെങ്കിൽ ടോൾ തുകയ്ക്ക് പുറമെ പിഴ ചുമത്താനുള്ള വ്യവസ്ഥയും ഉണ്ടാകും.
ഫാസ്‌ടാഗ് നഷ്ടപ്പെടുകയോ വാഹനത്തിൽ ശരിയായ രീതിയിൽ പതിപ്പിക്കാതിരിക്കുകയോ ചെയ്താലും പിഴ നേരിടേണ്ടിവരും.
അതിനാൽ വാഹന ഉടമകൾ ഫാസ്‌ടാഗ് കൃത്യമായി പതിപ്പിക്കുകയും അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ഉറപ്പാക്കുകയും ചെയ്യേണ്ടിവരും.
25,000 കോടി രൂപ വരെ അധികവരുമാനം
തടസരഹിത ടോൾ സംവിധാനം പൂർണമായി നടപ്പാകുന്നതോടെ ടോൾ പിരിവിലെ ചോർച്ച കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.
പദ്ധതി പൂർണമായി നടപ്പാകുമ്പോൾ പ്രതിവർഷം 20,000 കോടി മുതൽ 25,000 കോടി രൂപ വരെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് തടസരഹിത ടോൾ ബൂത്ത് എന്ന ആശയം അവതരിപ്പിച്ചത്. പരീക്ഷണ ഘട്ടത്തിലെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് രാജ്യവ്യാപകമായി സംവിധാനം നടപ്പാക്കാനുള്ള നീക്കം ശക്തമാക്കിയത്.
English Summary
India is set to move towards barrier-free toll collection from April next year. High-speed cameras and FASTag readers will identify vehicles without requiring them to stop at toll plazas. Kerala’s 11 toll plazas on NH 66 are also expected to adopt the system. Vehicles travelling at speeds of up to 150 kmph can reportedly be scanned. If FASTag cannot be read, cameras will identify the registration number and enable toll collection through vehicle database details. The system is also expected to reduce waiting time, fuel consumption and toll leakage.
